തഴവ: പള്ളിക്കലാറിലെ നീരൊഴുക്ക് നിലച്ചതോടെ പാവുമ്പ പേരയ്ക്ക വയലിലെ പതിനായിരക്കണക്കിന് രൂപയുടെ പച്ചക്കറി വിളകൾ വെള്ളത്തിനടിയിലായി. ഏകദേശം മുപ്പത് ഏക്കർ വരുന്ന പേരയ്ക്കാവയൽ പാവുമ്പയിലെ പ്രധാനപ്പെട്ട പച്ചക്കറി തോട്ടമാണ്. സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പാവുമ്പ കാളിയൻ ചന്തയിലെ നാടൻ പച്ചക്കറി വിപണിയിൽ വില്പനയ്ക്കെത്തുന്ന എൺപത് ശതമാനം പച്ചക്കറികളും പേരയ്ക്കാ വയലിൽ കൃഷി ചെയ്യുന്നതാണ്. പള്ളിക്കലാറിലെ നീരൊഴുക്ക് തടസപ്പെട്ടതോടെ ഏക്കറുകണക്കിന് സ്ഥലത്തെ പടവലത്തോട്ടം ഉൾപ്പടെയുള്ളവ വെള്ളം കയറി ചീഞ്ഞു തുടങ്ങിയിരിക്കുകയാണ്.
മൂന്ന് അംഗീകൃത കർഷക സമിതിയുടെ നേതൃത്വത്തിലാണ് പേരയ്ക്കാ വയലിൽ കൃഷിയിറക്കുന്നത്. അതത് കാലാവസ്ഥയ്ക്ക് യോജ്യമായ കൃഷി ഇനങ്ങളാണ് ഇവർ തിരഞ്ഞെടുക്കുന്നത്.
പള്ളിക്കലാറിന് കുറുകേ തടയണ
പള്ളിക്കലാറിന് കുറുകേ അശാസ്ത്രീയമായി തടയണ നിർമ്മിച്ചതോടെയാണ് കർഷകരുടെ കണക്കുകൂട്ടൽ പിഴച്ചത്. ഈ വർഷം മഴയ്ക്കു മുൻപേ തടയണ പൊളിച്ചുനീക്കുമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ചാണ് കർഷകർ പേരയ്ക്കാ വയലിൽ കൃഷിയിറക്കിയത്. തടയണയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല.