roa
കുണ്ടറ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കാൻ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ പുനലൂർ ചെമ്മന്തൂരിലെ റോഡ് വെട്ടിപ്പൊളിക്കുന്നു

പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയപാത വെട്ടിപ്പൊളിക്കുന്നത് പതിവാകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പാതയോരത്ത് കൂടി കടന്നുപോകുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകളിലുണ്ടാകുന്ന ചോർച്ച പരിഹരിക്കാനെന്ന പേരിലാണ് സ്ഥിരമായി ദേശീയപാത വെട്ടിക്കുഴിക്കുന്നത്.

പുനലൂർ-കുണ്ടറ ശുദ്ധജല വിതരണ പൈപ്പ് ലൈനിലുണ്ടായ ചോർച്ച പരിഹരിക്കാനായി ഇന്നലെ ചെമ്മന്തൂരിൽ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് ദേശീയപാത ജെ.സി.ബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചു. കുണ്ടറ ജലവിതരണ പദ്ധതിക്ക് പുറമേ നഗരസഭാ പ്രദേശങ്ങളിലേക്ക് കടന്നുപോകുന്ന ജലവിതരണ പദ്ധതികളുടെ പൈപ്പ്ലൈനുകളിൽ ചോർച്ചയുണ്ടാകുന്നതും റോഡ് വെട്ടിക്കുഴിക്കുന്നതും പതിവ് സംഭവമാണ്.

നഗരസഭാ പ്രദേശങ്ങളിലെ പാതയോരങ്ങളിൽ അരനൂറ്റാണ്ട് മുമ്പ് വാട്ടർ അതോറിറ്റി സ്ഥാപിച്ച പഴഞ്ചൻ പൈപ്പ് ലൈനുകളിലാണ് ഇടയ്ക്കിടെ ചോർച്ചയുണ്ടാകുന്നത്. പുനലൂരിൽ നിന്ന് കടന്നുപോകുന്ന കല്ലടയാറ്റിൽ നിന്നാണ് മീനാട്, കുണ്ടറ, കുര്യോട്ടുമല തുടങ്ങിയ പദ്ധതികളിലേക്ക് വെള്ളമെത്തിക്കുന്നത്. ഇതിൽ വെട്ടിപ്പുഴയിലെ എം.എൽ.എ റോഡിന്റെ നവീകരണങ്ങളുടെ ഭാഗമായി ഇതുവഴി കടന്നുപോകുന്ന ഭാഗത്ത് മാത്രമാണ് പഴയ പൈപ്പ്ലൈനുകൾ മാറ്റി പുതിയ ലൈൻ സ്ഥാപിച്ചിട്ടുള്ളത്. ഇതാണ് ദേശീയ പാതയോരങ്ങളിലൂടെ കടന്നുപോകുന്ന പഴയ പൈപ്പ്ലൈനുകൾ പൊട്ടാനും പുനരുദ്ധാരണങ്ങളുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിക്കാനും കാരണമാകുന്നത്.