
കൊല്ലം: കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ആശുപത്രി ഈമാസം 20 മുതൽ സമ്പൂർണ കൊവിഡ് സെന്ററാകും. ഇതിന്റെ ഭാഗമായി കിടത്തി ചികിത്സയിലുള്ള രോഗികളെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നത് വരെ പുതിയ രോഗികളെ കിടത്തി ചികിത്സയ്ക്ക് പ്രവേശിപ്പിക്കില്ല. 20ന് മുൻപ് നിലവിലുള്ള രോഗികളെ ഡിസ്ചാർജ്ജ് ചെയ്യാനാണ് തീരുമാനം. അന്ന് മുതൽ ഒ.പിയുടെ പ്രവർത്തനവും ഉണ്ടാകില്ല.
പ്രധാന കെട്ടിടമാകും കൊവിഡ് ആശുപത്രിയായി മാറുക. വിക്ടോറിയ ആശുപത്രിയുടെ മുന്നിലൂടെയുള്ള റോഡ് വഴിയാണ് പ്രവേശനം. നിലവിലുള്ള മുൻഭാഗം വഴി കാഷ്വാലിറ്റി അടക്കമുള്ള പ്രവർത്തിക്കുന്ന മറ്റ് വിഭാഗങ്ങളിലേക്ക് പോകാം. കൊവിഡ് ചികിത്സയുമായി ബന്ധമുള്ള അഞ്ച് സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാർ ഒഴിച്ച് ബാക്കിയുള്ളവരെ കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിലേക്ക് മാറ്റും. ഒരു വിഭാഗം പാരാമെഡിക്കൽ ജീവനക്കാരെയും പുനർവിന്യസിക്കും.
ബാക്കിയുള്ളവരെ മൂന്ന് ടീമുകളായി തിരിച്ചാകും കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കുക. ഒരു ടീം നിശ്ചിത ദിവസം ജോലിയെടുത്ത ശേഷം ക്വാറന്റൈനിൽ പോകുമ്പോൾ അടുത്ത ടീം ഡ്യൂട്ടിക്കെത്തുന്ന വിധമാണ് ക്രമീകരണം. ജില്ലാ ആശുപത്രിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരെ ചികിത്സിച്ചിട്ടില്ല. എന്നാൽ പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കുന്നതിനൊപ്പം കൊവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിൽ പാർപ്പിക്കുകയും ചെയ്യുന്നുണ്ട്.
കിടത്തി ചികിത്സയിലുള്ളത്: 262 രോഗികൾ
നിലവിലുള്ള കിടക്കകൾ: 537
കൊവിഡ് രോഗികൾക്കായി: 350 കിടക്കകൾ
20 മുതൽ പ്രവർത്തിക്കുന്ന മറ്റ് വിഭാഗങ്ങൾ
01. കാത്ത് ലാബ്
02. ഡയാലിസിസ്
03. കീമോതെറാപ്പി
04. കാഷ്വാലിറ്റി
തീരുമാനങ്ങൾ ഇങ്ങനെ....
കൊവിഡ് സെന്റർ പ്രവർത്തനം 20 മുതൽ
ഒ.പിയുടെ പ്രവർത്തനം അവസാനിപ്പിക്കും
നിലവിലുള്ള കിടപ്പുരോഗികൾക്ക് ഡിസ്ചാർജ്
കൊവിഡ് സെന്ററാകുന്നത് പ്രധാന കെട്ടിടം
പ്രവർത്തിക്കുന്ന മറ്റ് വിഭാഗങ്ങൾ 4 എണ്ണം മാത്രം
പ്രവേശനം വിക്ടോറിയ ആശുപത്രിക്ക് മുന്നിലൂടെ
ഉണ്ടാവുക 5 വിഭാഗം ഡോക്ടർമാർ മാത്രം
മറ്റുള്ള ഡോക്ടർമാർ രണ്ട് താലൂക്ക് ആശുപത്രികളിലേക്ക്
പാരാമെഡിക്കൽ ജീവനക്കാരെയും പുനർവിന്യസിക്കും
കൊവിഡ് ചികിസയ്ക്കായി മൂന്ന് ടീമുകൾ