ബംഗളൂരു: പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജ അന്തരിച്ചു. മുപ്പത്തിയൊൻപത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തെന്നിന്ത്യൻ നടി മേഘ്ന രാജിന്റെ ഭർത്താവാണ്. 2018 ഏപ്രില്‍ 29നായിരുന്നു ചിരഞ്ജീവി സര്‍ജയും മേഘ്ന രാജുമായുള്ള വിവാഹം നടന്നത്. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് മാസങ്ങൾക്ക് ശേഷമാണ് താരത്തിൻ്റെ വിയോഗം.
2009ൽ പുറത്തിറങ്ങിയ വായുപുത്രയാണ് ചിരഞ്ജീവിയുടെ ആദ്യ ചിത്രം. ഇതിനോടകം ചിരഞ്ജീവി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.നടൻ അർജ്ജുൻ സർജയുടെ അനന്തരവൻ കൂടിയായ ചിരഞ്ജീവി കന്നഡ സിനിമയിൽ സജീവമാകാനൊരുങ്ങവേയാണ് മരണം സംഭവിച്ചത്. മൂന്നോളം സിനിമകൾ അണിയറയിലൊരുങ്ങുകയും ഒരു സിനിമ റിലീസിന് തയ്യാറെടുക്കുകയും ചെയ്തിരിക്കുകയായിരുന്നു.
ശിവാർജ്ജുന എന്ന ചിത്രം മാർച്ച് 12ന് റിലീസിന് ഒരുങ്ങിയതാണ്. എന്നാൽ കൊവിഡ് ഭീതിയെ തുടർന്ന് രാജ്യത്ത് തീയേറ്ററുകൾ പൂട്ടിയതോടെ റിലീസ് നീളുകയായിരുന്നു. ഈ വർഷം ആദ്യ മാസങ്ങളിൽ പുറത്തിറങ്ങിയ ആദ്യ ആണ് ചിരഞ്ജീവി സർജയുടേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. രാജ് മാർത്താണ്ഡ, ഏപ്രിൽ, രണം, ക്ഷത്രിയ എന്നീ ചിത്രങ്ങളാണ് ചിരഞ്ജീവിയുടേതായി അണിയറയിലൊരുങ്ങിയിരുന്ന മറ്റു ചിത്രങ്ങൾ. കാക്കി എന്ന ചിത്രവും ഈ വർഷം ചിരഞ്ജീവി സർജയുടേതായി തീയേറ്ററുകളിലെത്തിയിരുന്നു.