കരുനാഗപ്പള്ളി: എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകനെ കുടുംബവീടിനോട് ചേർന്ന് മത്സ്യകൃഷി നടത്താനായി ആഴം വർദ്ധിപ്പിച്ച കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ടി.കെ.എം എൻജിനീയറിംഗ് കോളേജ് അസി.പ്രൊഫസറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആർക്കിടെക്റ്റ്സ് കേരള ചാപ്റ്റർ സെക്രട്ടറിയുമായ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ജെ.ജി ഭവനിൽ ജി. ജയകൃഷ്‌ണനാണ് (40) മരിച്ചത്. ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കുടുംബവീടായ മരുതൂർകുളങ്ങര തെക്ക് മണ്ണാശേരിലെ കുളത്തിലായിരുന്നു അപകടം.
കുളത്തിനടുത്തേക്ക് പോയ ജയകൃഷ്‌ണൻ ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. അന്വേഷണത്തിൽ ധരിച്ചിരുന്ന മാസ്ക് കുളത്തിൽ കണ്ടെത്തി. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഫയ യർഫോഴ്സ് സംഘം കുളത്തിലിറങ്ങി നടത്തിയ തിരച്ചിലിലാണ് ചെളിയിൽ പുതഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മത്സ്യകൃഷി നടത്താനായി ദിവസങ്ങൾക്ക് മുമ്പ് മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുളത്തിന്റെ ആഴം വർധിപ്പിച്ചിരുന്നു. പഴയ കുളത്തിന് സമീപത്ത് തന്നെ രണ്ട് കുളങ്ങൾ കൂടി കുഴിച്ചിരുന്നു.
പിന്നീട് ഉണ്ടായ മഴയിൽ പഴയ കുളത്തിന്റെ തിട്ട ഇടിഞ്ഞതിനാൽ ശനിയാഴ്‌ച ജയകൃഷ്‌ണനും തൊഴിലാളികളും മണ്ണ് ചാക്ക് നിറച്ച് തിട്ട ബലപ്പെടുത്തി. ഇന്നലെ രാവിലെ മക്കളെ കൂട്ടി എത്തിയ അദ്ദേഹം അവരുമൊത്ത് കുളത്തിൽ ഏറെ നേരം നീന്തി. ഉച്ചയ്ക്ക് മക്കളെ ഭക്ഷണം കഴിക്കാനായി കുടുംബവീട്ടിൽ കൊണ്ടുവന്ന ശേഷം തനിച്ച് കുളത്തിനടുത്ത് പോയപ്പോഴായിരുന്നു അപകടം. കുളത്തിൽ ഇറങ്ങിയപ്പോൾ കാൽ വഴുതി ചെളിയിൽ അകപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ ഡെപ്യൂട്ടി കളക്ടർ പി.ഗോപാലകൃഷ്ണന്റെയും റിട്ട. പ്രഥമ അദ്ധ്യാപിക ജയദേവിയുടെയും മകനാണ്. നിഷയാണ് ഭാര്യ. ശ്യാം, തുഷാർ എന്നിവർ മക്കളാണ്