എഴുകോൺ: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് സമീപവാസിയുടെ വിട്ടുമുറ്റത്തേക്ക് വീണു. മുക്കൂട് ഗവ.യു.പി സ്‌കൂളിന് സമീപം പുന്നവിള തേക്കതിൽ വീട്ടിൽ സുരേഷ് കുമാറിന്റെ വീടിനോട് ചേർന്ന് പത്തടിയോളം ഉയരത്തിൽ കരിങ്കൽ കൊണ്ട് നിർമ്മിച്ചിരുന്ന സംരക്ഷണ ഭിത്തിയാണ് തകർന്ന് വീണത്. വെള്ളിയാഴ്ച്ച രാത്രി 11 ഓടെയാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞ് വീണത്. രാത്രിയായതിനാൽ ആളപായം ഉണ്ടായില്ല. വീടിനോട് ചേർന്ന് നിർമ്മിച്ചിരുന്ന സംരക്ഷണ ഭിത്തി തകർന്നതോടെ വീടും അപകടാവസ്ഥയിലാണ്.