സോഷ്യൽ മീഡിയാ ട്രോളുകൾക്ക് ശേഷം 'പി. സി കുട്ടന്‍ പിള്ള സ്പീക്കിംഗ്' എന്ന പരിപാടിയിലൂടെ സോഷ്യൽ മീഡിയയിലെ വീഡിയോകളോട് പ്രതികരിക്കുകയാണ് കേരളാ പൊലീസ്. സോഷ്യല്‍ മീഡിയാ ഉപയോഗത്തിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാണിച്ച് തിരുത്താനും നല്ലതിനെ പ്രോത്സാഹിപ്പിക്കാനുമായാണ് പരിപാടി ആരംഭിച്ചിരിക്കുന്നതെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റർ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിംഗ് നടത്തുന്ന സൈബര്‍ സെല്ലുകള്‍, സൈബര്‍ സ്റ്റേഷനുകള്‍, സൈബര്‍ ഡോമുകള്‍ തുടങ്ങിയവയുടെ കണ്ണിലുടക്കുന്ന പോസ്റ്റുകള്‍, വീഡിയോകള്‍, എന്നിവ സംബന്ധിച്ച് കേരളാ പൊലീസിന്‍റെ പ്രതികരണം അറിയിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. കേരളാ പൊലീസിന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ ഒന്നാം ഭാഗം 'പണി വരുന്നുണ്ട് അവറാച്ചാ.'റിലീസ് ചെയ്തു.
പ്രോഗ്രാമിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തന്നെ പൊലീസുകാരാണ്. പൊലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസറും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാമിന്‍റെ ആശയത്തില്‍ സോഷ്യല്‍ മീഡിയ സെല്ലിലെ അരുണ്‍ ബി.റ്റി ആണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ്ങും ഗ്രാഫിക്സും ബിമല്‍ വി. എസ്. അഭിനയിച്ചിരിക്കുന്നത് ജിബിന്‍ ഗോപിനാഥ്. കാമറ രഞ്ജിത് കുമാര്‍,അസ്സോസിയേറ്റ് ഡയറക്ടര്‍ സന്തോഷ് സരസ്വതി. പ്രൊഡക്ഷന്‍ ടീം ശിവകുമാര്‍.പി, അഖില്‍ എന്നിവരുമാണ്. പൊലീസിന്റെ യു ട്യൂബ് ചാനലിന് കമന്റുകളുടെ പ്രവാഹമാണ്.ടിക് ടോക്കിലൂടെ പ്രശസ്തനായ ഫുക്രുവിന്റെ വീഡിയോയാണ് പൊലീസും റോസ്റ്റിങ്ങിനായി ആദ്യം തെരഞ്ഞെടുത്തത്. പിന്നീട് പല രസകരമായ വീഡിയോകളും പങ്കുവച്ചു.