ksrtc
കെ.എസ്.ആർ.ടി.സി

 സ്വന്തം വാഹനം ഉപയോഗിക്കുന്ന യാത്രക്കാർ വർദ്ധിച്ചു


കൊല്ലം: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസുകളിലെത്താൻ സ്വന്തം വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ മിനി ബസുകൾ വാടകയ്ക്കെടുത്തും ഓഫീസ് യാത്ര നടത്തുന്നുണ്ട്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും അന്തർ ജില്ലാ ബസ് സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രയിൽ സാമൂഹിക അകലം പാലിക്കാൻ കഴിയാത്തതാണ് ഭൂരിപക്ഷത്തെയും ബസുകളിൽ നിന്ന് അകറ്റുന്നത്. ഇതോടെ ബസുകളുടെ വരുമാനത്തിൽ ഇടിവുണ്ടായെന്ന് മാത്രമല്ല സാധാരണക്കാരായ ജീവനക്കാർക്ക് ഓഫീസ് യാത്രാ ചെലവ് താങ്ങാൻ കഴിയാതെയുമായി. പാസഞ്ചർ- എക്സ്‌പ്രസ് ട്രെയിനുകളെ ആശ്രയിച്ചാണ് ജീവനക്കാരിൽ മിക്കവരും ഓഫീസുകളിൽ എത്തിയിരുന്നത്. സീസൺ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ചെലവ് വളരെ കുറവായിരുന്നു. ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത് വരെ സ്വകാര്യ വാഹനങ്ങളിൽ ഓഫീസ് യാത്ര നടത്താനാണ് പലരുടെയും തീരുമാനം. ഇന്നലെ മുതൽ സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാരും എത്തി തുടങ്ങിയതോടെ രാവിലെയും വൈകിട്ടും നിരത്തിൽ സ്വകാര്യ വാഹനങ്ങളുടെ തിരക്കായിരുന്നു.