കൊല്ലം: അക്രമാസക്തരായ തെരുവ് നായ്ക്കൾ കാൽനടയാത്രികർക്കും ബൈക്കിൽ സഞ്ചരിക്കുന്നവർക്കും ഭീഷണിയാകുന്നു. ലോക്ക് ഡൗൺ കാലത്ത് നിരത്തുകളിൽ മാലിന്യങ്ങൾ വലിയ തോതിൽ കുറഞ്ഞതോടെ ഭക്ഷണം കിട്ടാതായ നായ്ക്കളാണ് അക്രമകാരികളാവുന്നത്. രാത്രിയിൽ ബൈക്കിൽ പോകുന്നവർക്ക് നേരെ നായ്ക്കൾ സംഘടിതമായി കുരച്ച് ചാടുന്നതും പിന്തുടരുന്നതും പതിവാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലം ആശ്രാമം മൈതാനത്തിന് ചുറ്റുമുള്ള റോഡിൽ ഓടിയടുത്ത നായ്ക്കളിൽ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രികർ രക്ഷപ്പെട്ടത്. ജില്ലയിലെ മറ്റ് ഭാഗങ്ങളിലും സ്ഥിതി സമാനമാണ്. തദ്ദേശ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധത്തിന് പിന്നാലെ പോകുമ്പോൾ ഇത്തരം വിഷയങ്ങളിലേക്ക് പൂർണ തോതിൽ ശ്രദ്ധയെത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. പ്രഭാതത്തിലും സായാഹ്നത്തിലും വ്യായാമം ചെയ്യാനും നടക്കാനും ഇറങ്ങുന്നവർ നായ്ക്കളുടെ സംഘടിത ആക്രമണത്തിന്റെ ഭീഷണിയിലാണ്.