arrest

കൊല്ലം: ആടിനെ വിൽപ്പന നടത്തിയ തുകയെപ്പറ്റിയുള്ള തർക്കത്തിൽ പത്തനാപുരം പാടത്ത് കൊലപാതകം. പ്രതി കസ്റ്റഡിയിൽ. ഇറച്ചി വ്യാപാരിയായ പാടം വാണിയൻപാറ കിഴക്കേതിൽ സഹീർ(49) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാടം ഷാനവാസ് മൻസിലിൽ ഷാനവാസിനെ(35) കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു.

സഹീർ ഷാനവാസിന്റെ പക്കൽ നിന്നും ആടിനെ വിലയ്ക്ക് വാങ്ങിയിരുന്നു. 5500 രൂപ വിലപറഞ്ഞാണ് വാങ്ങിയത്. ഇതിൽ 1500 രൂപ ബാക്കി നൽകാനുണ്ടായിരുന്നു. തുക വാങ്ങാനായി ഷാനവാസ് സഹീറിന്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമായി.

പിടിവലിക്കിടെ സഹീർ താഴെ വീണു. വീഴ്ചയിൽ തല കല്ലിൽ ഇടിച്ചതിനെ തുടർന്ന് തല പൊട്ടി. ഉടൻതന്നെ ബന്ധുക്കൾ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കൂടൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.