കൊല്ലം: മഴവെള്ളപ്പാച്ചിലിൽ മണ്ണ് ഒലിച്ചുപോയ റോഡ് വൃത്തിയാക്കാനെത്തിയ രണ്ട് പേരെ സമീപവാസിയായ അച്ഛനും മകനും ചേർന്ന് മർദ്ദിച്ച് ഗുരുതമായി പരിക്കേൽപ്പിച്ചെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇടമൺ റെയിൽവേ സ്റ്റേഷന് സമീപം ചിറ്റാലംകോട് ശ്രീശൈലത്തിൽ വീട്ടിൽ (കരീപ്ര) മുരളീധരനെ (62) തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. തെന്മല വിബറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറ വിൽപ്പനശാലയിലെ ജീവനക്കാരനായ പുത്തൻപുരയിൽ വീട്ടിൽ കമലാസനൻ (53), ഇടമൺ റെയിൽവേ സ്റ്റേഷന് സമീപം താന്നിവിള വീട്ടിൽ സുന്ദരേശൻ (63) എന്നിവർക്കാണ് പരിക്കേറ്റത്.
വലത് കയ്യിൽ വാൾ കൊണ്ട് വെട്ടേറ്റ കമലാസനൻ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലും, കണ്ണിന് പരിക്കേറ്റ സുന്ദരേശൻ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കമലാസനന്റെ കയ്യിൽ ഒമ്പത് തുന്നലുണ്ട്. ഇടമൺ-റെയിൽ വേസ്റ്റേഷൻ-ചിറ്റാലംകോട് റോഡിലായിരുന്നു സംഭവം.
റെയിൽവേ അടിപ്പാതയിലൂടെ കടന്ന് പോകുന്ന കുണ്ടും കുഴിയുമായ റോഡ് മണ്ണിട്ട് നികത്താനെത്തിയ നാട്ടുകാരെ അക്രമിക്കാൻ വാളുമായി ഓടിയെത്തിയ പ്രതി ഒരാളെ പിടിച്ച് തള്ളി. ഇത് ചോദ്യം ചെയ്ത കമലാസനന്റെ വലത് കയ്യിൽ വാൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുന്ദരേശനും അടിപിടിയിൽ പരിക്കേറ്റു. മുരളീധരന്റെ മകൻ വഴക്കുണ്ടാകുന്നത് ഒഴിവാക്കാൻ ഇടപെട്ടതല്ലാതെ ആരെയും അക്രമിച്ചിട്ടില്ലെന്ന് തെന്മല സി.ഐ എം.വിശ്വംഭരൻ പറഞ്ഞു. മുരളീധരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.