സ്വകാര്യ ബസ് സർവീസുകൾ 90 ശതമാനവും നിറുത്തി
കൊല്ലം: കൊവിഡ് വ്യാപന ഭീതിയിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ 90 ശതമാനം സ്വകാര്യ ബസുകളും സർവീസ് നിറുത്തി. എണ്ണൂറിലേറെ സ്വകാര്യ ബസുകളുള്ള ജില്ലയിൽ ഇന്നലെ നൂറിനടുത്ത് ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്. കൊല്ലം നഗരത്തിലും പരിസരങ്ങളിലുമായി ജില്ലയിലെ സ്വകാര്യ ബസ് സർവീസ് ഒതുങ്ങുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതോടെ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാൻ ജനങ്ങൾ മടിക്കുകയാണ്.
യാത്രാ നിരക്ക് വർദ്ധനവ് ഉൾപ്പെടെ ഉന്നയിച്ച് മാർച്ച് 11 മുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചപ്പോഴാണ് സംസ്ഥാനം കൊവിഡ് ഭീതിയിലായത്. അതോടെ പണിമുടക്ക് ഉപേക്ഷിച്ച് ബസുകൾ നിരത്തിലിറക്കുകയായിരുന്നു. മാർച്ച് 24 മുതൽ ലോക്ക് ഡൗൺ നിയന്ത്രണത്തിലായ ബസുകൾ മേയ് 19 മുതലാണ് സംസ്ഥാന സർക്കാർ നിർദേശ പ്രകാരം സർവീസ് പുനരാരംഭിച്ചത്. സാമൂഹിക അകലം ഉറപ്പ് വരുത്തി 50 ശതമാനം യാത്രക്കാരുമായി സർവീസ് തുടങ്ങിയപ്പോൾ യാത്രാ നിരക്കും വർദ്ധിപ്പിച്ചിരുന്നു. പിന്നീട് ബസുകളിൽ സാമൂഹിക അകലം വേണ്ടെന്ന് വച്ചതോടെ യാത്രാ നിരക്ക് വർദ്ധനവ് റദ്ദാക്കി.
ജില്ലയിലെ ബസുകൾ: 800
ഇന്നലെ ഓടിയത്: 100 അടുത്ത്
ഡീസൽ വില പോലും
ഓടിയെടുക്കാനാകുന്നില്ല
കൊവിഡ് വ്യാപന ഭീതി ആരംഭിക്കുന്നതിന് മുമ്പ് ജില്ലയിലെ ബസുകളുടെ ശരാശരി കളക്ഷൻ 8,000 രൂപ മുതൽ 11,000 രൂപ വരെ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകളുടെ ശരാശരി വരുമാനം 3,000 മുതൽ 3,500 രൂപ വരെ ആയി ഇടിഞ്ഞു. ഡീസൽ ചാർജ്, ജീവനക്കാരുടെ ശമ്പളം എന്നിവ നൽകാനുള്ള വരുമാനം ലഭിക്കാതെ വന്നതോടെ ബസുടമകൾ പലരും സ്വമേധയാ സർവീസ് നിറുത്തുകയായിരുന്നു.
സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നു
സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിയാത്ത പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കൻ ജനങ്ങൾ തയ്യാറാകുന്നില്ല. സ്വന്തം ബൈക്ക്, കാർ എന്നിവയിൽ തൊഴിലിടങ്ങളിലേക്ക് പോകാനാണ് സ്വകാര്യ - സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ശ്രമിക്കുന്നത്. പരീക്ഷ എഴുതുന്ന കുട്ടികളിൽ മിക്കവരെയും രക്ഷിതാക്കൾ കോളേജുകളിലെത്തിക്കുന്നു. ജില്ലയ്ക്ക് പുറത്തുള്ള ഓഫീസുകളിലേക്ക് ജീവനക്കാർ സംഘം ചേർന്ന് കാർ മുതൽ മിനി ബസ് വരെ വിളിച്ചാണ് പോകുന്നത്.
സ്വകാര്യ ബസുടമകളുടെ ആവശ്യം
1. ഡീസൽ പകുതി വിലയ്ക്ക് നൽകാൻ സർക്കാർ തയ്യാറാകണം
2. കൊവിഡ് ഭീതി അവസാനിക്കും വരെ നികുതി ഇളവ് നൽകണം
3. ക്ഷേമനിധി വിഹിതം അടയ്‌ക്കുന്നതിൽ നിന്ന്
ബസുടമകളെയും തൊഴിലാളികളെയും ഒരു വർഷത്തേക്ക് ഒഴിവാക്കണം
4. ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തീരുന്ന മുറയ്‌ക്ക്
കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടണം
5. ഒരു വർഷത്തേക്ക് വായ്‌പകൾക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണം
6. ബസ് യാത്രാ നിരക്ക് വർദ്ധിപ്പിക്കണം
''
നഷ്ടം താങ്ങാനാകാതെ ബസുടമകൾ സ്വമേധയാ സർവീസ് അവസാനിപ്പിച്ചതാണ്. നഷ്ടമില്ലാതെ സർവീസ് നടത്താൻ സാഹചര്യമൊരുങ്ങിയാൽ സർവീസ് നടത്താൻ തയ്യാറാണ്.
ലോറൻസ് ബാബു,
ജനറൽ സെക്രട്ടറി, കേരള സ്റ്റേറ്റ് പ്രൈവറ്റ്
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ