wedding
കല്യാണം

കൊല്ലം: കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളിൽ ഇളവുകൾ വന്നതോടെ ആഡിറ്റോറിയങ്ങളിൽ കല്യാണമേളം മുഴങ്ങിത്തുടങ്ങി. സീറ്റ് പിടിക്കാനും സദ്യ ഉണ്ണാനും വധൂവരന്മാർക്ക് നിന്ന് ഫോട്ടോയെടുക്കാനും തിക്കും തിരക്കുമില്ലാത്ത കല്യാണങ്ങൾ ഓഡിറ്റോറിയങ്ങൾക്കും പുതിയ അനുഭവമാണ്.

രണ്ടാംകുറ്റി ശാരദാ ആഡിറ്റോറിയത്തിലെ മിനി എ.സി ഹാളിൽ കടപ്പാക്കട സ്വദേശിയായ യുവതിയും തിരുവനന്തപുരം ആനയറ സ്വദേശിയായ യുവാവുമായുള്ള വിവാഹമായിരുന്നു ഇന്നലെ. ആഡിറ്റോറിയത്തിലെ ജീവനക്കാർ ഡിജിറ്റൽ തെർമോമീറ്റർ ഉപയോഗിച്ച് പനി പരിശോധിച്ച ശേഷമാണ് ചടങ്ങിനെത്തിയവരെയെല്ലാം ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ആഡിറ്റോറിയത്തിന്റെ മുൻഭാഗത്തും ഹാളിന് മുന്നിലും സാനിട്ടൈസറുകൾ വച്ചിട്ടുണ്ട്. ഹാളിനുള്ളിൽ സാമൂഹിക അകലം പാലിച്ചാണ് കസേരകൾ നിരത്തിയിരിക്കുന്നത്. കഷ്ടിച്ച് 50 പേർ മാത്രമേ ചടങ്ങിനുണ്ടായിരുന്നുള്ളു. ഭക്ഷണ ഹാളിലും അകലത്തിലാണ് കസേരകൾ ക്രമീകരിച്ചിരിക്കുന്നത്.

ഇടയ്ക്കിടെ ബന്ധുക്കൾ കുശലം പറഞ്ഞ് അടുത്ത് കൂടുമ്പോഴെ ആഡിറ്റോറിയം ജീവനക്കാർ സൗമ്യമായി മുന്നറിപ്പ് നൽകും. കൂടുതൽ ആളുകൾ എത്താത്തതിനാൽ വാഹനം പാർക്ക് ചെയ്യാനും ബുദ്ധിമുട്ട് ഉണ്ടായില്ല. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവാഹം മാറ്റിവച്ചവരെല്ലാം ആഡിറ്റോറിയങ്ങളും മിനി ഹാളുകളും ബുക്ക് ചെയ്തു തുടങ്ങി. ആഡിറ്റോറിയങ്ങൾ സജീവമായതോടെ വിവാഹ സദ്യയുടെ പാചകക്കാരും വീഡിയോ ഗ്രാഫർമാരും പക്കമേളക്കാരുമൊക്കെ ഉഷാറായി കളത്തിലിറങ്ങുകയാണ്.