led

 സാമ്പത്തിക ലാഭം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം

കൊല്ലം: ഇന്റലിജന്റ് എൽ.ഇ.ഡി പദ്ധതി നടപ്പാക്കാൻ നേരത്തെ സർക്കാർ നൽകിയ ഉത്തരവ് ഭേദഗതി ചെയ്യാമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വാഗ്ദാനം ലഭിച്ചതോടെ നഗരസഭയുടെ സ്വപ്നപദ്ധതിക്ക് പുത്തനുണർവ്. കരാർ നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ലാഭം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭയോട് നിർദ്ദേശിച്ചുണ്ട്. കഴിഞ്ഞ ദിവസം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.

എൽ.ഇ.ഡി പദ്ധതിക്കായുള്ള പ്രതിമാസ ചെലവ് 41 ലക്ഷം കടക്കരുതെന്നായിരുന്നു നേരത്തെയുള്ള സർക്കാർ ഉത്തരവ്. ഈ ഉത്തരവ് നൽകുമ്പോൾ നഗരസഭ തെരുവ് വിളക്കുകൾക്ക് അടയ്ക്കുന്ന വൈദ്യുതി ചാർജ്ജ് 31 ലക്ഷമായിരുന്നു. പദ്ധതി നടപ്പാക്കുന്നത് വൈകുന്നതിനിടയിൽ വൈദ്യുതി ചാർജ്ജ് 34.5 ലക്ഷമായി ഉയർന്നു. ഈ വർദ്ധിച്ച തുക കൂടി കമ്പനി ആവശ്യപ്പെട്ടതോടെ സർക്കാരിന്റെ പരിഗണനയ്ക്ക് വിടാൻ നഗരസഭ തീരുമാനിച്ചു. ഇതിനിടെ പദ്ധതി അട്ടിമറിക്കാൻ കുപ്രചരണങ്ങൾ തുടങ്ങി. ഇതോടെ തദ്ദേശസ്വയംഭരണ വകുപ്പ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു.

കരാർ നേരത്തെ കൗൺസിൽ യോഗം അംഗീകരിച്ചതിനാൽ മുന്നോട്ടുപോകുന്നതിൽ തടസമില്ലെന്ന് യോഗത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി.

കരാർ ലാഭകരം

 നിലവിൽ നഗരസഭയുടെ ചെലവ് 44 ലക്ഷം രൂപ (പ്രതിമാസം)

 പദ്ധതി നടപ്പാക്കാൻ കമ്പനിക്ക് നൽകേണ്ടത് 42 ലക്ഷം രൂപ

നഗരസഭ നിലവിൽ തെരുവ് വിളക്ക് പരിപാലനത്തിനായി ചെലവാക്കുന്ന തുകയുമായി താരതമ്യം ചെയ്യുമ്പോൾ തന്നെ പുതിയ പദ്ധതി ലാഭകരമാണ്. 34.5 ലക്ഷം വൈദ്യുതി ചാർജ്ജ്, അറ്റുകുറ്റപ്പണിക്ക് 5 ലക്ഷം രൂപ, ജി.എസ്.ടി എന്നിവ സഹിതം 42 ലക്ഷം രൂപയാണ് പുതിയ കരാർ പ്രകാരം കമ്പനിക്ക് ചെലവാകുന്നത്. എന്നാൽ നഗരസഭ 44 ലക്ഷം രൂപയാണ് പ്രതിമാസം തെരുവ് വിളക്ക് പരിപാലനത്തിനായി ചെലവഴിക്കുന്നത്.

ഇപ്പോഴത്തെ വ്യവസ്ഥകൾ പ്രകാരം രണ്ട് ലക്ഷം രൂപയാണ് ലാഭം. തെരുവ് വിളക്കുകൾ സ്ഥിരമായി പ്രകാശിക്കുമെന്ന ഉറപ്പുമുണ്ട്. കമ്പനിയുമായി വിലപേശിയാൽ പ്രതിമാസം നൽകേണ്ട തുക 42 ലക്ഷത്തിൽ നിന്നും താഴ്ന്നേക്കും.

ഇന്റലി‌ജന്റ് പദ്ധതി

 തെരുവ് വിളക്കുകൾ അണഞ്ഞാൽ 24 മണിക്കൂറിനകം നന്നാക്കും. ഇല്ലെങ്കിൽ കരാർ ഏജൻസി നഗരസഭയ്ക്ക് നഷ്ട പരിഹാരം നൽകും

 തെരുവ് വിളക്കിന്റെ വൈദ്യുതി ഉപഭോഗം 75 ശതമാനം കുറയും

 തെരുവ് വിളക്ക് അണയുന്നത് അറിയിക്കാൻ മൊബൈൽ ആപ്പ്

 ലൈറ്റിടും പിന്നെ അണയും; ആരോപണം

കത്താത്ത തെരുവ് വിളക്കുകൾക്ക് പകരം നഗരസഭ എല്ലാദിവസവും പുതിയ വിളക്കുകൾ ഇടുന്നുണ്ട്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അണയുന്നതാണ് പതിവ്. നഗരസഭ വാങ്ങുന്ന പുതിയ ലൈറ്റുകൾ മറിച്ചുവിറ്റ ശേഷം പഴയ ലൈറ്റുകൾ പൊടിതട്ടിയെടുത്ത് സ്ഥാപിക്കുകയാണെന്ന പരാതിയുണ്ട്.