പ്രതീക്ഷയോടെ കാശിനാഥനും ശിവപാർവതിയും
ഏരൂർ: വീടെന്ന് പറയാനുള്ളത് കനാൽ അക്വഡെക്ടിന് താഴെയുള്ള പുറമ്പോക്കിൽ പലകയടിച്ച ഒറ്റമുറി മാത്രം. വെെദ്യുതിയോ, സ്മാർട്ട് ഫോണോ, ടി.വിയോ ഇല്ലാത്ത ഈ കൂരയിലിരുന്നുവേണം ആറാം ക്ലാസുകാരനായ കാശിനാഥനും നാലാം ക്ലാസുകാരിയായ ശിവപാർവതിയും ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ. ഫോണും ടി.വിയുമൊക്കെ സ്വപ്നങ്ങളിൽ മാത്രമുള്ള ഇവർ എങ്ങനെ പഠനം തുടരുമെന്ന ചോദ്യത്തിന് തടിപ്പണിക്കാരനായ അച്ഛൻ ഓമനക്കുട്ടനും അമ്മ പ്രീതയ്ക്കും മറുപടിയില്ല.
ഏരൂർ മണലിൽ കെ.ഐ.പി കനാലിന്റെ പുറമ്പോക്കിലെ കുടിലിൽ നാലംഗകുടുംബം കഞ്ഞികുടിച്ച് കിടക്കുന്നുവെന്ന് മാത്രം. കരവാളൂർ എ.എം എച്ച്.എസിലെ വിദ്യാർത്ഥിയായ കാശിനാഥനും മണലിൽ എം.ജി എൽ.പി.എസ് വിദ്യാർത്ഥിനിയായ ശിവപാർവതിയും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പഠിക്കുന്നത്. മഴ പെയ്താൽ കുടിലിൽ വെള്ളംകയറും. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പ്രദേശത്തുനിന്ന് വനപാലകർ പലതവണ പാമ്പുകളെ പിടിച്ചിട്ടുമുണ്ട്. ഓമനക്കുട്ടന്റെ തുച്ഛ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. തൈറോയ്ഡ് രോഗിയായ പ്രീത മെഡിക്കൽ കോളേജിലെ ചികിത്സയിലാണെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം നാലുമാസമായി ഇതിനും സാധിക്കുന്നില്ല.
റേഷൻ കാർഡില്ലാത്ത ഇവർക്ക് സർക്കാരിന്റെ പ്രത്യേക ഉത്തരവനുസരിച്ച് ഏതാനും ദിവസം മുമ്പാണ് കാർഡ് ലഭിച്ചത്. ഇതിനുശേഷം സൗജന്യ കിറ്റ് ലഭിച്ചത് മാത്രമാണ് ഏക ആനുകൂല്യം. വർഷങ്ങളായി വാടകവീട്ടിലായിരുന്നു താമസം.ആറ് വർഷം മുമ്പാണ് കനാൽ പുറമ്പോക്കിൽ നിർമ്മിച്ച ഒറ്റമുറി കൂരയിൽ താമസം തുടങ്ങിയത്. വയറിംഗ് പൂർത്തിയാക്കിയെങ്കിലും വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല.
കരവാളൂർ പഞ്ചായത്ത് എട്ടാം വാർഡിലാണ് താമസമെങ്കിലും ഏരൂർ പഞ്ചായത്തിലെ മണലിൽ വാർഡിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ ഇരു പഞ്ചായത്തുകളും ഭവന നിർമ്മാണ പദ്ധതികളിൽ ഇവരെ പരിഗണിച്ചില്ല. കാശിനാഥനും ശിവപാർവതിക്കും ഓൺലൈൻ ക്ളാസിൽ പങ്കെടുക്കാൻ ടി.വിയോ സ്മാർട്ട് ഫോണോ എങ്കിലും കിട്ടിയാൽ മതിയായിരുന്നെന്നാണ് ഈ കുടുംബം ആഗ്രഹിക്കുന്നത്.
''
എന്റെ ആകെയുള്ള സമ്പാദ്യം മക്കളാണ്. എത്ര ബുദ്ധിമുട്ടിയാലും അവരെ പഠിപ്പിക്കണമെന്ന ആഗ്രഹം മാത്രമാണുള്ളത്.
ഓമനക്കുട്ടൻ