sharukh-khan-

ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ആത്മകഥയെ അടിസ്ഥാനമാക്കി നടൻ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ‘റോക്കട്രി: ദ നമ്പി ഇഫക്ടിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും തമിഴ് സൂപ്പർ താരം സൂര്യയും അഭിനയിക്കുന്നുണ്ടെന്ന് വാർത്തകൾ. മാധവൻ തന്നെയാണ് ചിത്രത്തിൽ നമ്പി നാരായണന്റെ വേഷം അവതരിപ്പിക്കുന്നത്.

ഓർമ്മകളുടെ ഭ്രമണപഥം എന്ന ആത്മകഥ അടിസ്ഥാനമാക്കിയാണ് മാധവൻ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ എന്ന ചിത്രമൊരുക്കുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രീകരണം അവസാന ഘട്ടത്തിലെത്തിയ ‘റോക്കട്രി: ദ നമ്പി ഇഫക്ട്’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ലോക്ക് ഡൗണിന് ശേഷം ആരംഭിക്കുമെന്നാണ് അറിയുന്നത്.

ചിത്രത്തിൽ ഒരു മാധ്യമപ്രവർത്തകന്റെ വേഷത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാൻ എത്തുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ മാദ്ധ്യമപ്രവർത്തകന്റെ ഭാഗം നടൻ സൂര്യ അവതരിപ്പിക്കുമെന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സിമ്രാനാണ് 'റോക്കട്രി: ദ നമ്പി ഇഫക്റ്റി'ൽ നായികാ കഥാ പാത്രമായി മീന നമ്പിയെ അവതരിപ്പിക്കുന്നത്.

നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ട്രൈ കളര്‍ ഫിലീസിന്റെ ബാനറില്‍ സരിത മാധവനും വര്‍ഗീസ് മൂലന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ വര്‍ഗീസ് മൂലനും വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ വിജയ് മൂലനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.