govt
സർക്കാർ ഓഫീസുകൾ

കൊല്ലം: സർക്കാർ ഓഫീസുകളിൽ ജീവനക്കാരെല്ലാം എത്തണമെന്ന സർക്കാർ നിർദ്ദേശത്തിന് പിന്നാലെ ഇന്നലെ ജില്ലയിലെ ഓഫീസുകൾ സാധാരണ നിലയിലായി. ജില്ലയ്‌ക്ക് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും ഓഫീസിലെത്തിയതോടെ വിവിധ ആവശ്യങ്ങൾക്കായി കൂടുതൽ ജനങ്ങളുമെത്തി. കളക്ടറേറ്റ് വളപ്പിലെ റവന്യൂ ഡിവിഷണൽ ഓഫീസ് ഉൾപ്പെടെ എല്ലാ ഓഫീസുകളിലും ജീവനക്കാരുടെ ഹാജർ നിലയിൽ കുറവുണ്ടായിരുന്നില്ല. ചില ഓഫീസുകൾക്ക് പുറത്ത് പൊതുജനങ്ങൾ അനുവാദമില്ലാതെ അകത്ത് കയറരുതെന്ന ബോർഡ് സ്ഥാപിച്ചിരുന്നു. കൊല്ലം, പത്തനാപുരം, പുനലൂർ, കൊട്ടാരക്കര, കുന്നത്തൂർ, കരുനാഗപ്പള്ളി താലൂക്ക് ഓഫീസുകളും മിനി സിവിൽ സ്റ്റേഷനുകളും സജീവമായി. ഒട്ടു മിക്ക വില്ലേജ് ഓഫീസുകളിലും പതിവിൽ കൂടുതൽ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. വസ്തുവിന്റെ കരമടയ്ക്കാൻ 150 മുതൽ 250 വരെ ജനങ്ങളെത്തിയ വില്ലേജ് ഓഫീസുകളും ജില്ലയിലുണ്ട്. കൊവിഡ് മാനദണ്ഡങ്ങളും സാമൂഹിക അകലവും ഉറപ്പ് വരുത്തി കോടതികളുടെ പ്രവർത്തനവും പൂർണ തോതിലായി. കൊല്ലം നഗരസഭ, പുനലൂർ, പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പിലാറ്റികൾ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമ പഞ്ചായത്തുകൾ എന്നിവിടങ്ങളിലും എല്ലാ ജീവനക്കാരുമെത്തി. ജീവനക്കാരെല്ലാമെത്തി.