ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ
കൊല്ലം: ഇനി 52 ദിവസം മത്സ്യബന്ധന ബോട്ടുകൾക്ക് വിശ്രമം. കടൽ ഇളക്കിമറിച്ചുള്ള മത്സ്യബന്ധനത്തിനും താത്കാലിക വിരാമം. മത്സ്യങ്ങളുടെ പ്രജനനത്തിന് കടലിന്റെ ആഴങ്ങളിൽ ശാന്തത. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തിന് ഇന്ന് അർദ്ധരാത്രി തുടക്കമാകും.
ശക്തികുളങ്ങര ഹാർബറിലെ ബോട്ടുകളെല്ലാം ഇന്നലെ വൈകിട്ടോടെ തന്നെ നീണ്ടകര പാലത്തിനപ്പുറത്തേക്ക് മാറ്റി. നിരോധനം ലംഘിച്ച് ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ ഇന്ന് രാത്രി 12.30 ഓടെ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ നീണ്ടകര പാലത്തിന് സമാന്തരമായി ചങ്ങലയിട്ട് ബന്ധിക്കും. പരമ്പരാഗത വള്ളങ്ങൾ പതിവ് പോലെ കടലിലേക്ക് പോകുമ്പോൾ ബോട്ടുകളിലെ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളുകൾക്കും ഇനിയുള്ള രണ്ടുമാസം വറുതിയുടെ നാളുകൾ.
നിയന്ത്രണം ലംഘിച്ച് ഏതെങ്കിലും ബോട്ടുകൾ മത്സ്യബന്ധം നടത്തിയാൽ പിടികൂടാൻ മൂന്ന് പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഇവിടങ്ങളിൽ നിന്ന് മൂന്ന് ബോട്ടുകൾ നിരന്തരം കടലിൽ പട്രോളിംഗും നടത്തും. പ്രത്യേകം ലൈഫ് ഗാർഡുമാരെയും നിയോഗിച്ചിട്ടുണ്ട്. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ അടച്ചിരിക്കുന്നതിനാൽ ഇവിടുത്തെ വള്ളങ്ങൾക്ക് കൊല്ലം തീരത്ത് അടുപ്പിക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നീണ്ടകര, ശക്തികുളങ്ങര ഹാർബറുകൾ ഉറങ്ങുമ്പോൾ രണ്ട് മാസക്കാലം കൊല്ലം തീരം പഴയതിനേക്കാൾ ആവേശത്തിലാകും.
നിരോധനം: 52 ദിവസം
പട്രോളിംഗ്: 3 പ്രത്യേക സംഘം
24 മണിക്കൂറും കൺട്രോൾ റൂമുകൾ
ട്രോളിംഗ് നിരോധനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൂന്ന് കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമാക്കി. അഴീക്കൽ, നീണ്ടകര, തങ്കശേരി എന്നിവിടങ്ങളിലാണ് കൺട്രോൾ റൂമുകൾ പ്രവർത്തിക്കുക. മറൈൻ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ, കടൽ രക്ഷാപ്രവർത്തനത്തിൽ പരിശീലനം ലഭിച്ച ലൈഫ് ഗാർഡുകൾ എന്നിവർ കൺട്രോൾ റൂമുകളിലുണ്ടാകും. ഇവർക്ക് അടിയന്തരാവശ്യങ്ങൾക്കും പട്രോളിംഗിനുമായി പട്രോളിംഗ് ബോട്ടും കൺട്രോൾ റൂമിലുണ്ടാകും.
''
നിയന്ത്രണങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കടലിലും തീരത്തും പരിശോധന ശക്തമാക്കും.
എസ്.എസ്.ബൈജു
മറൈൻ എൻഫോഴ്സ്മെന്റ് സി.ഐ
കൺട്രോൾ റൂം
0476 2680036
(നീണ്ടകര)