navas
ചക്കുള്ളി ചിറയ്ക്കു ചുറ്റും നടപ്പാത നിർമ്മാണം പുരോഗമിക്കുന്നു

ശാസ്താംകോട്ട: ചക്കുവള്ളിച്ചിറയെ ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായി നടപ്പാതയുടെയും പാർശ്വഭിത്തിയുടെയും നിർമാണം പുരോഗമിക്കുന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുന്നത്. ചിറയുടെ വശങ്ങൾ തറയോടുപാകിയാണ് നടപ്പാത നിർമിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ ഫണ്ടും സമീപ പഞ്ചായത്തുകളുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും വിഹിതവും ഇതിനായി ചെലവിടും.

രണ്ടാംഘട്ടമായി ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ കുട്ടികളുടെ പാർക്ക്, പൂന്തോട്ട നിർമാണം, തുടങ്ങി നിരവധി പദ്ധതികളാണ് ലക്ഷ്യമിടുന്നത്. ചിറയുടെ ജൈവഘടന പൂർണമായും നിലനിറുത്തിയായാണ് നിർമാണം. ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പോരുവഴി പഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയുടെ സമഗ്ര വികസനത്തിന് ഇത് വഴിമരുന്നിടും. നടപ്പാതയ്ക്ക് ചുറ്റും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്നതിനായി 18 ലക്ഷം രൂപയുടെ പദ്ധതിയുടെ നടപടിക്രമങ്ങളും പുരോഗമിക്കുന്നുണ്ട്.