k
സൗജന്യ വിതരണത്തിനായി അഭിരാമി മാസ്കുകൾ തുന്നുന്നു

കടയ്ക്കൽ: പ്രാരാബ്ധങ്ങളുടെ നടുവിലാണെങ്കിലും കൊവിഡ് പ്രതിരോധത്തിന് സൗജന്യ മാസ്ക് നിർമ്മാണവുമായി പന്ത്രണ്ടാംക്ളാസ് വിദ്യാർത്ഥിനി. ചിതറ എസ്.എൻ.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി കടയ്ക്കൽ കൊച്ചാറ്റുപുറത്ത് അശോക മന്ദിരത്തിൽ അഭിരാമിയാണ് വഴിയാത്രക്കാർക്കും അയൽക്കാർക്കുമടക്കം 500ലധികം മാസ്കുകൾ സൗജന്യമായി നിർമ്മിച്ചു നൽകിയത്. പഠനത്തിരക്കുകൾക്കിടയിൽ രാത്രി വൈകിയും പുലർച്ചെയും സമയം കണ്ടെത്തിയാണ് നിർമ്മാണം.

നിർമ്മാണ തൊഴിലാളിയായ അച്ഛന്റെ ചെറിയ വരുമാനത്തിലാണ് രണ്ടുമക്കളും അമ്മയുമടങ്ങുന്ന കുടുംബം കഴിയുന്നത്. തയ്യൽ തൊഴിലാളിയായിരുന്ന അമ്മ ലേഖയ്ക്ക് സന്ധിവാതം രൂക്ഷമായതിനെ തുടർന്ന് നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സുഖമില്ലെങ്കിലും അമ്മയും മകളെ സഹായിക്കാൻ ചേരുന്നുണ്ട്.

ലോക്ക് ഡൗണായതോടെ വരുമാനം തീരെ നിലയ്ക്കുകയും അടുപ്പ് പുകയാത്ത ദിനങ്ങൾ ഉണ്ടാകുകയും ചെയ്തെങ്കിലും അഭിരാമിയുടെ സേവന മനസ്ഥിതിക്ക് അത് തടസമായില്ല. മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യണമെന്ന നിശ്ചയദാർഢ്യമാണ് സൗജന്യ മാസ്ക് നിർമ്മാണത്തിൽ ഈ കൊച്ചുമിടുക്കിയെ എത്തിച്ചത്. അത് ഇനിയും തുടരാനാണ് അഭിരാമിയുടെ തീരുമാനം.