വാസ്തുശാസ്ത്രം ഏറ്റവും കൂടുതൽ പരിഗണിക്കേണ്ടത് വീടുകൾ മാറ്റി പണിയുമ്പോഴും വീടുകളിൽ പുതിയ മുറികൾ എടുക്കുമ്പോഴുമാണ്. അതായത് പുതിയ ആവശ്യങ്ങൾ വരുമ്പോൾ ഒന്നും നോക്കാതെ ബാത്ത് റൂം മുതൽ അടുക്കളയും കിടപ്പുമുറിയുമൊക്കെ പണിയും. അതിന് മുമ്പ് ഒരു വാസ്തുശാസ്ത്ര വിദഗ്ദ്ധന്റെ അഭിപ്രായം കൂടി അറിയണം. അല്ലാതെ പുതിയ മുറികളോ കൂട്ടിച്ചേർക്കലുകളോ വീടുകളിൽ നടത്തരുത്. പുതിയ മുറികൾ പണിയുകയാണെങ്കിൽ വീടിന്റെ മൊത്തമായ പ്രാണികോർജത്തെ അത് മോശമായി സ്വാധീനിക്കാതെ നോക്കണം. മുഴുവൻ ഊർജരേഖകളുടെയും വിധാനം തന്നെ മാറിപ്പാകാനിടയുണ്ട്.
കൂട്ടിച്ചേർക്കലിന് പലതരത്തിലുള്ള ഫലങ്ങളുണ്ട്. നിലവിലുളള വീടിന്റെ തെക്കുപടിഞ്ഞാറെ ഭാഗത്ത് പുതിയ മുറിയെടുത്തു എന്നിരിക്കട്ടെ. അപ്പോൾ കന്നി വളരുകയാണ് ചെയ്യുന്നത്. കന്നി വളരാത്ത രീതിയിൽ വീടിനെ മൊത്തമായി കണ്ട് പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തിയാൽ അത് പ്രശ്നമാകില്ല. കന്നി വളരുമ്പോൾ വഴക്കുകൾക്കും മറ്റുപ്രശ്നങ്ങൾക്കും കാരണമാകും. വടക്ക് പടിഞ്ഞാറും തെക്കുപടിഞ്ഞാറും ഇതേ തരത്തിൽ പുതിയ നിർമ്മാണങ്ങൾ വന്നാൽ മറ്റുതരത്തിലാണ് ദോഷമായി ഭവിക്കുക. തെക്ക് അഗ്നിയിൽ മുറി തള്ളി നിന്നാൽ അത് നിത്യരോഗങ്ങൾക്കും കേസിനും വഴക്കിനുമൊക്ക കാരണമാകും. പെട്ടെന്നുള്ള അപകടങ്ങൾക്കും കാരണമായേക്കാം. വടക്ക് പടിഞ്ഞാറും മാത്രമായി ഇങ്ങനെ പുതിയ മുറിയെടുത്താൽ അവിടെ വലിയ ചെലവുകളുണ്ടാകും. തലമുറകളെയും അവരുടെ വരുമാനത്തെയും ജോലിയെയും സ്ഥിരപ്പെടുത്തും. വടക്ക് കിഴക്ക് മാത്രമായുളള കൂട്ടിച്ചേർക്കലുകൾ വീടിനകത്ത് പല സ്തംഭനങ്ങളും ഉണ്ടാക്കും. വടക്ക് കിഴക്ക് ഭാരം കൂടിയാൽ അത് വീട്ടുകാരുടെ ജീവത്തിൽ പലവിധ ദുരിതങ്ങളുണ്ടാക്കും.
പുതിയ മുറി എടുക്കുമ്പോൾ ആകെയുള്ള മദ്ധ്യവും ഊർജവികേന്ദ്രീകരണവും മാറിപ്പോകും. ഈ വികേന്ദ്രീകരണം പ്രതിസന്ധിയായി പരിണമിക്കും. വീടിനുളളിൽ വികേന്ദ്രീകരിക്കപ്പെടേണ്ട ഊർജം കോണുകളിലോ മുറികളിലെ ഭിത്തിയിലോ ഒഴുകി പ്രാണികോർജത്തെ തടസപ്പെടുത്താം. അതിന് ചെയ്യേണ്ടത് മൊത്തത്തിലുള്ള നിർമ്മാണ പ്രക്രിയയാണ്. മൂന്ന് മേഖലകളെയും ഒരുമിച്ച് പരിഗണിച്ചാവണം മുറിയെടുക്കാൻ. അല്ലെങ്കിൽ പുതിയ മുറികളുടെ വശങ്ങളിൽ ഫൗണ്ടേഷൻ സമന്വയിപ്പിച്ച് വീടിന്റെ ആകാരം ക്രമപ്പെടുത്താം. ഈ ക്രമപ്പെടുത്തലിന് ഉയരങ്ങൾ ഒരേ തരത്തിലായിരിക്കണം. അതായത് ഫൗണ്ടേഷൻ സമന്വയിപ്പിക്കുമ്പോൾ പാറകളോ, ചെങ്കല്ലുകളോ ഉപയോഗിച്ച് മൂലകളിൽ 90 ഡിഗ്രി ഉറപ്പാക്കേണ്ടതുണ്ട്. ഈ അളവ് ഉറപ്പാക്കാനായില്ലെങ്കിൽ വീടിന്റെ മൊത്തം ചരിവും ഊർജകോണിലെ ഒഴുക്കും ദിശകളിലെ പ്രാധാന്യവും തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്. അങ്ങനെ പരിഗണിക്കുമ്പോൾ വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ സ്ഥാനത്തെയും അതിൽ നിറയുന്ന ഊർജപ്രതിഭാസത്തെയും അത് വീട്ടിലെ അന്തേവാസികളെ ബാധിക്കാതെയും ശ്രദ്ധിക്കണം.
സംശയങ്ങളും മറുപടിയും
പുതിയ വീട് പണിയുന്നു. അതിൽ പൂജാമുറി നിർബന്ധമുണ്ടോ?
രാമചന്ദ്രപ്പണിക്കർ, പേട്ട,
തിരുവനന്തപുരം.
പൂജാമുറി പണിയുന്നത് ഓരോരുത്തരുടെയും ഇഷ്ടം പരിഗണിച്ചാണ്. ഈശ്വര വിശ്വാസമുളളവരെല്ലാം പൂജാമുറി പണിയാറുണ്ട്. പൂജാമുറി കൊണ്ട് ഉദ്ദേശിക്കുന്നത് വെറും വിളക്കോ ആരാധനയോ മാത്രമല്ല. ഏറ്റവും ശരിയായ ഊർജ്ജവിധാനം വടക്ക് കിഴക്കാണ് ഉണ്ടാകുന്നത്.ഇത് വീട്ടുകാർക്ക് വലിയ ഗുണം ലഭിക്കാനും ദോഷങ്ങളും പ്രതിസന്ധികളും അകലാനും ഇടയാക്കും. വടക്ക് കിഴക്ക്, കിഴക്ക്, നേർ വടക്ക് എന്നിവിടങ്ങളിലാണ് പൂജാമുറിയ്ക്ക് സ്ഥാനം വേണ്ടത്.