ksrtc

 ട്രാൻ. ബസ് സർവീസുകൾ പകുതിയിലേറെ വെട്ടിക്കുറച്ചു

കൊല്ലം: കശുഅണ്ടി തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണ യാത്രക്കാരുടെ ആശ്രയമായ കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ താളം തെറ്റി. പകുതിയിലേറെ ബസുകൾ മിക്ക റൂട്ടുകളിൽ നിന്നും പിൻവലിച്ചു. ചടയമംഗലം, ചാത്തന്നൂർ ഡിപ്പോകളിൽ നിന്ന് ഏഴ് വീതം ബസുകൾ ഓടിയിരുന്ന കൊട്ടിയം - അഞ്ചൽ റൂട്ടിൽ ഇപ്പോൾ ഓടുന്നത് അഞ്ച് ബസുകളാണ്. മുമ്പ് 15 മിനിട്ട് ഇടവേളയിൽ എത്തിയിരുന്ന ചെയിൻ ബസുകൾക്കായി ഇപ്പോൾ ഒരു മണിക്കൂറിലേറെ കാത്തുനിൽക്കണം. നാട്ടുകാരുടെ വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലെത്തിയ ചെയിൻ ബസുകളാണ് ഇപ്പോൾ സാധാരണക്കാർക്ക് പ്രയോജനപ്പെടാത്ത തരത്തിൽ സർവീസ് നടത്തുന്നത്.

പാരിപ്പള്ളി - കൊട്ടാരക്കര റൂട്ടിലും സമാന സ്ഥിതിയാണ്. 12 ബസുകൾ ഓടിയിരുന്ന ഇവിടെ ആറെണ്ണം മാത്രമാണ് ഇപ്പോഴുള്ളത്. രാത്രിയിൽ കൊട്ടാരക്കരയിൽ നിന്നുള്ള ബസ് പാരിപ്പള്ളിയിലേക്ക് പോകാതെ കൊല്ലം, ഏനാത്ത് എന്നിവിടങ്ങളിലേക്ക് റൂട്ട് മാറ്റി യാത്ര നടത്തുന്നതായും പരാതിയുണ്ട്. 20 മിനിട്ട് ഇടവേളയിൽ വേണാട് ബസുകൾ ഓടിയിരുന്ന കൊല്ലം - പത്തനംതിട്ട റൂട്ടിലും ചെയിൻ സർവീസിന്റെ ക്രമീകരണം ജനങ്ങളെ വലച്ചു. ബസിനായി ഒരു മണിക്കൂറോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. കൊല്ലത്ത് നിന്ന് പത്തനംതിട്ടയ്ക്ക് പോകേണ്ട ബസുകളിൽ മിക്കതും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിച്ച് മടങ്ങുന്നു. കൊല്ലം - ചെങ്ങന്നൂ‌ർ ചെയിൻ സർവീസിന്റെ സ്ഥിതിയും ഇതാണ്. ബസുകൾ സമയത്ത് വരാതായതോടെ ആട്ടോറിക്ഷ, ടാക്‌സി എന്നിവ വിളിച്ച് ഫാക്ടറികളിലേക്ക് പോകേണ്ട അവസ്ഥയിലാണ് പല ഭാഗങ്ങളിലെയും കശുഅണ്ടി തൊഴിലാളികൾ. കെ.എസ്.ആർ.ടി.സി ബസുകൾ പിൻവലിയുന്ന റൂട്ടുകളിൽ സമാന്തര സർവീസുകൾ സജീവമാകുന്നുണ്ട്. രാത്രി ഒമ്പതിന് മുമ്പ് ബസുകൾ ഗാരിയേജിൽ തിരികെ എത്തേണ്ടതിനാൽ ചില ക്രമീകരണങ്ങൾ വേണ്ടി വരുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്.

വരുമാനം നാലിലൊന്നായി

സർവീസുകൾ കുറയ്ക്കുന്നതിന് വരുമാനത്തിലെ കുറവും കാരണമായെന്നാണ് കെ.എസ്.ആർ.ടി.സി നിലപാട്. ലോക്ക് ഡൗണിന് മുൻപ് ശരാശരി 12 ലക്ഷം രൂപ ആയിരുന്നു കൊല്ലം ഡിപ്പോയുടെ ദിവസ വരുമാനം. ഇപ്പോഴത് ശരാശരി മൂന്ന് ലക്ഷമായി കുറഞ്ഞു. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന സർവീസ് മാത്രമാണ് ഇപ്പോൾ നടത്തുന്നത്. എറണാകുളം, തെങ്കാശി ഉൾപ്പെടെയുള്ള ദീർഘ ദൂര സർവീസുകൾ ഓടിക്കാൻ അനുവാദമില്ല. പതിവ് റൂട്ടുകളിൽ യാത്രക്കാരുടെ എണ്ണതിൽ കുറവുണ്ടാവുകയും ചെയ്തു.

താളം തെറ്റിയ റൂട്ടുകൾ

1. കൊട്ടിയം - അഞ്ചൽ

2. പാരിപ്പള്ളി - കൊട്ടാരക്കര

3. കൊല്ലം - പത്തനംതിട്ട

4. കൊട്ടാരക്കര - കരുനാഗപ്പള്ളി

5. മടത്തറ - കൊല്ലം

6. കൊല്ലം - ചെങ്ങന്നൂർ

7. കൊല്ലം - കുളത്തൂപ്പുഴ

8. കൊല്ലം - ദളവാപുരം - കരുനാഗപ്പള്ളി

9. കരുനാഗപ്പള്ളി - ചിന്നക്കട - കൊട്ടാരക്കര

10. കൊല്ലം - ആറ്റിങ്ങൽ

സർവീസ്

നേരത്തെ: 15 മിനിട്ട് ഇടവേളയിൽ

ഇപ്പോൾ: 1 മണിക്കൂർ

''

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി അവസാനിക്കുമ്പോൾ മാത്രമേ ഷെഡ്യൂളുകൾ പഴയ തരത്തിലേക്ക് എത്തുകയുള്ളൂ. ചില ക്രമീകരണങ്ങൾ വേണ്ടിവന്നിട്ടുണ്ട്.

എസ്.മെഹബൂബ്

കെ.എസ്.ആർ.ടി.സി, ഡി.ടി.ഒ, കൊല്ലം

''

ജനങ്ങളുടെ യാത്രാ ദുരിതം പരിഹരിക്കാനുള്ള ബാദ്ധ്യത കെ.എസ്.ആർ.ടി.സിക്കുണ്ട്. നിശ്ചിത ഇടവേളകളിൽ സർവീസ് നടത്താൻ തയ്യാറാകണം.

എസ്.ലാൽ, സെക്രട്ടറി,

കൊട്ടിയം - അഞ്ചൽ പാസഞ്ചേഴ്സ് അസോസിയേഷൻ