ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിൽ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ ഉത്തർപ്രദേശിലെ ബ്രാഹ്‌മണർ പെൺകുട്ടിയുടെ നാവ് മുറിച്ചെടുത്ത് ശിവക്ഷേത്രത്തിൽ ബലി നൽകിയെന്ന വാർത്ത പരന്നിരുന്നു. എന്നാൽ ആ വാർത്ത തെറ്റാണെന്നും കൊവിഡിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാൻ ആരും പെൺകുട്ടിയുടെ നാവ് മുറിച്ചെടുത്തിട്ടില്ലെന്നും പെൺകുട്ടി സ്വയം നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
നാക്ക് മുറിച്ച് മാറ്റിയ നിലയിലുള്ള പെൺകുട്ടിയുടെ ചിത്രം ഉപയോഗിച്ച് ആം ആദ്‌മി പാർട്ടി എം.എൽ.എ സൗരഭ് ഭരദ്വാജ് കമ്രാൻ. "അന്ധവിശ്വാസത്തിനും തെറ്റുകൾക്കും ഒരു പരിധിയുണ്ട്. യു.പിയിലെ ബുണ്ടേൽഖണ്ഡിലെ കൊവിഡിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാനായി എട്ടാം ക്ലാസ് പെൺകുട്ടിയുടെ നാവ് മുറിച്ചുമാറ്റി ബ്രാഹ്മണർ ക്ഷേത്രത്തിൽ ബലി നൽകി. മുഖ്യധാരാ മാദ്ധ്യമങ്ങളോ സെലിബ്രറ്റികളോ ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ല. പെൺകുട്ടിയുടെ ചിത്രമടക്കമുള്ള വിവരങ്ങൾ പങ്കിടുന്നു" - എന്ന് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ മേയ് 23ന് കൊവിഡിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കാൻ 16 വയസുള്ള പെൺകുട്ടി നാവ് സ്വയം മുറിച്ച് ശിവക്ഷേത്രത്തിന് ബലിയർപ്പിക്കുകയായിരുന്നെന്നും യു.പിയിലെ ഭദാവൽ ഗ്രാമത്തിലാണ് സംഭവം നടന്നതെന്നും പൊലീസ് സൂപ്രണ്ട് ലാൽ ഭാരത് കുമാർ പാൽ പറയുന്നു. ഗുരുതരമായി മുറിവേറ്റ പെൺകുട്ടി അബോധാവസ്ഥയിലായതോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്‌ക്ക് ശേഷം പെൺകുട്ടി ഇപ്പോൾ വീട്ടിലാണ്. നാവ് മുറിച്ച് ക്ഷേത്രത്തിൽ അർപ്പിക്കാൻ പെൺകുട്ടിയോട് ആരും ആവശ്യപ്പെട്ടതിന് തെളിവുകൾ ലഭിച്ചില്ല. അത്തരമൊരു പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്തും" - എന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.