migrants

 അഞ്ച് ട്രെയിനുകളിൽ 7,183 തൊഴിലാളികൾ ബംഗാളിലേക്ക് മടങ്ങി

കൊല്ലം: ജില്ലയിലെ വിവിധ തൊഴിൽ മേഖലകളിൽ പണിയെടുത്തിരുന്ന 19,916 തൊഴിലാളികളിൽ 9,668 പേരും സ്വന്തം നാടുകളിലേക്ക് മടങ്ങി. ഇവരിൽ 7,183 പേർ പശ്ചിമബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ്. അഞ്ച് പ്രത്യേക നോൺ സ്റ്റോപ്പ്‌ ട്രെയിനുകളിലാണ് ഇവരെ കൊല്ലത്തു നിന്ന് ബംഗാളിൽ എത്തിച്ചത്. ഒഡിഷ, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ബീഹാർ സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ കൊല്ലത്തുനിന്ന് ആയിരത്തിലേറെ തൊഴിലാളികൾ ഇല്ലാതിരുന്നതിനാൽ ഇവർക്കായി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക ട്രെയിൻ കൊല്ലത്ത് നിറുത്തി. സിക്കിം, മണിപ്പൂർ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളെ കെ.എസ്.ആർ.ടി.സിയുടെ ബസുകളിൽ തിരുവനന്തപുരത്ത് എത്തിച്ച് അവിടെ നിന്ന് പ്രത്യേക ട്രെയിനിലാണ് യാത്രയാക്കിയത്. 1,334 തൊഴിലാളികൾ കൂടി മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ദിവസങ്ങൾക്കുള്ളിൽ അസാമിലേക്ക് ഒരു പ്രത്യേക ട്രെയിൻ കൂടി സർവീസ് നടത്തും.

നാടുകളിലേക്ക് മടങ്ങിയതിങ്ങനെ

 മേയ്‌ 22: പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിൻ, 1452 തൊഴിലാളികൾ. 23 രാജസ്ഥാൻ തൊഴിലാളികളെ ബസിൽ തിരുവനന്തപുരത്ത് എത്തിച്ചു

 മേയ്‌ 23: സിക്കിം (9), മണിപ്പൂർ (12), ഉത്തരാഖണ്ഡ് (27) തൊഴിലാളികളെ ബസിൽ തിരുവനന്തപുരത്ത് എത്തിച്ചു

 മേയ്‌ 24: 60 ഛത്തീസ്‌ഗഡ് തൊഴിലാളികൾ ബസിൽ തിരുവനന്തപുരത്ത്

 മേയ്‌ 27: ത്രിപുര (6), മേഘാലയ (1) തൊഴിലാളികൾ ബസിൽ തിരുവനന്തപുരത്ത്

 മേയ്‌ 29: തിരുവനന്തപുരത്ത് നിന്നുള്ള ബീഹാർ പ്രത്യേക ട്രെയിൻ കൊല്ലത്ത് നിറുത്തി 671 തൊഴിലാളികളെ കയറ്റി

 ജൂൺ 01: പശ്ചിമ ബംഗാൾ പ്രത്യേക ട്രെയിനിൽ 1,550 തൊഴിലാളികൾ

 ജൂൺ 02: ജാർഖണ്ഡിലെ 293 തൊഴിലാളികൾക്കായി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക ട്രെയിൻ കൊല്ലത്ത് നിറുത്തി

 ജൂൺ 02: പശ്ചിമ ബംഗാൾ പ്രത്യേക ട്രെയിനിൽ 1550 തൊഴിലാളികൾ

 ജൂൺ 03: ഉത്തർപ്രദേശിലെ 282 തൊഴിലാളികൾക്കായി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക ട്രെയിൻ കൊല്ലത്ത് നിറുത്തി

 ജൂൺ 04: ഒഡിഷയിലെ 425 തൊഴിലാളികൾക്കായി തിരുവനന്തപുരത്ത് നിന്നുള്ള പ്രത്യേക ട്രെയിൻ കൊല്ലത്ത് നിറുത്തി

 ജൂൺ 05: പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിൻ, 1,543 തൊഴിലാളികൾ

 ജൂൺ 07: പശ്ചിമ ബംഗാളിലേക്ക് പ്രത്യേക ട്രെയിൻ, 1,088 തൊഴിലാളികൾ

 ജൂൺ 09: നാഗാലാൻഡിലെ 29 തൊഴിലാളികളെ ബസിൽ തിരുവനന്തപുരത്ത് എത്തിച്ചു

 മേയ്‌ 22 - ജൂൺ 09: 25 ബസുകളിലായി 650 തൊഴിലാളികൾ വിവിധ സംസ്ഥാനങ്ങളിലേക്ക് മടങ്ങി

അന്യസംസ്ഥാന തൊഴിലാളികൾ

ആകെ: 19,916

മടങ്ങിയത്: 9,668

അടുത്ത ദിവസം മടങ്ങുന്നവർ: 1,334

തൊഴിലും കൂലിയുമില്ല

തൊഴിലും കൂലിയും ഇല്ലാതായതോടെയാണ് തൊഴിലാളികൾ മടങ്ങാൻ തീരുമാനിച്ചത്. നിർമ്മാണ തൊഴിലാളികളാണ് ഇവിടെയെത്തിയ അന്യസംസ്ഥാന തൊഴിലാളികളിലേറെയും. നിർമ്മാണ മേഖല നിശ്ചലമായപ്പോൾ അവരുടെ ജീവിതവും പ്രതിസന്ധിയിലായി. ട്രോളിംഗ് നിരോധനം തുടങ്ങിയതിനാൽ കൂടുതൽ തൊഴിലാളികൾ വരും ദിനങ്ങളിൽ മടങ്ങാനാണ് സാദ്ധ്യത.

''

അസാമിലേക്ക് ഒരു പ്രത്യേക ട്രെയിൻ അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാകും. ബംഗാളിലേക്ക് ഇനി പ്രത്യേക ട്രെയിന് സാദ്ധ്യതയില്ല.

എ. ബിന്ദു

ജില്ലാ ലേബർ ഓഫീസർ