കരാർ ഒപ്പുവയ്ക്കുന്നതിൽ നിന്ന് നിർമ്മാണ കമ്പനി പിൻവലിയുന്നു
കൊല്ലം: ഏകദേശം കരയ്ക്കടുത്ത പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണം വീണ്ടും വെള്ളത്തിൽ മുങ്ങുമെന്ന് ആശങ്ക. അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതിനാൽ നിർമ്മാണ കമ്പനി കരാർ ഒപ്പുവയ്ക്കുന്നതിൽ നിന്ന് പിൻവലിയുന്നതായാണ് അറിവ്.
എറണാകുളം ആസ്ഥാനമായുള്ള കെ.വി. ജോസഫ് ആൻഡ് കമ്പനിക്കാണ് പാലം നിർമ്മാണത്തിന്റെ കരാർ ലഭിച്ചത്. ഇവർ സമർപ്പിച്ച ടെണ്ടർ തുക എസ്റ്റിമേറ്റിനേക്കാൾ 12.5 ശതമാനം അധികമായതിനാൽ മന്ത്രിസഭായോഗത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ടെണ്ടർ അംഗീകരിച്ചത്.
ടെണ്ടർ അംഗീകരിച്ച് 28 ദിവസത്തിനകം കരാർ ഒപ്പിടണമെന്നാണ് ചട്ടം. പക്ഷേ ഇതിന് മുന്നോടിയായുള്ള സെലക്ഷൻ നോട്ടീസ് നിർവഹണ ഏജൻസിയായ കേരളാ റോഡ് ഫണ്ട് ബോർഡ് ഇതുവരെ ടെണ്ടർ ലഭിച്ച കമ്പനിക്ക് നൽകിയിട്ടില്ല. ടെണ്ടർ പൊട്ടിച്ച് എറെക്കാലം കഴിഞ്ഞതിനാൽ കരാർ ഒപ്പിട്ടില്ലെങ്കിലും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനാവില്ല. അതുകൊണ്ട് സെലക്ഷൻ നോട്ടീസ് കൂടി നൽകി സങ്കീർണ്ണമാക്കാതെ കമ്പനിയുമായി ആശയവിനിമയം നടത്തി കരാർ ഒപ്പിടീക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
തുടക്കം മുതൽ ആശങ്ക
36.47 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. എന്നാൽ 41.22 കോടിയുടെ ടെണ്ടറാണ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വി.എസ് സർക്കാരിന്റെ കാലത്താണ് പാലം നിർമ്മാണത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയത്.
ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ വന്നശേഷം സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങി. പക്ഷേ പലതവണ ടെണ്ടർ കലാവധി നീട്ടിയിട്ടും പാലം നിർമ്മാണം ഏറ്റെടുക്കാൻ ഒന്നിലധികം കമ്പനികളെത്തിയില്ല. പിന്നീട് വന്ന റീ ടെണ്ടറിൽ നിന്നാണ് ഒരു കമ്പനിയെ തിരഞ്ഞെടുത്തത്.