കൊല്ലം: ഡാൻസ്, കീബോർഡ്, പുല്ലാങ്കുഴൽ, ഗിത്താർ, ഡ്രംസ്, അക്രോബാറ്റിക്സ്, ഏരിയൽ ഡാൻസ്... മികവുകളിലൂടെ മുന്നേറുമ്പോൾ അനുനന്ദിന് കാമ്പസ് സുഹൃത്തുക്കൾ നൽകിയ പേരാണ് 'സകലകലാ വല്ലഭൻ'. പെരുമൺ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ അനുനന്ദ് 23 വയസിനിടെ തിളങ്ങിയത് 1300 ഓളം വേദികളിലാണ്.
സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്ന മാന്ത്രികനായും ഉദ്ഘാടകനായും കേരളത്തിനകത്തും പുറത്തുമുള്ള കാമ്പസുകളിൽ തിളങ്ങി. ആറാം വയസിൽ അക്രോബാറ്റിക് ഡാൻസിലൂടെയാണ് അനുനന്ദ് കലാജീവിതത്തിന് തുടക്കമിട്ടത്. വെളിയം ഹിന്ദുസ്ഥാൻ ഫൈനാർട്സിൽ വെളിയം രാജേഷ് മാസ്റ്ററുടെ ശിക്ഷണത്തിൽ പഠനം തുടങ്ങുമ്പോൾ സഹോദരൻ അനന്ദുവും ഒപ്പമുണ്ടായിരുന്നു. കഠിന പരിശ്രമത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച് ഇരുവരും ടി.വി ചാനലുകളിലടക്കം മിന്നിത്തിളങ്ങി. ഹൈസ്കൂൾ പഠനകാലത്ത് മിമിക്രിയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. പ്ളസ്ടു പഠനകാലത്ത് വൃന്ദവാദ്യവുമായെത്തി സംസ്ഥാന തലത്തിൽ എ ഗ്രേഡ് സ്വന്തമാക്കി. ഡൽഹി സ്കൂൾ ഒഫ് ഡ്രാമയിൽ നാടകം അവതരിപ്പിക്കാനും അവസരം ലഭിച്ചു.
പോളിടെക്‌നിക് പഠനകാലത്ത് 'ഉഗ്രം ഉജ്ജ്വലം" ടി.വി പരിപാടിയിലൂടെ അനുനന്ദും അനന്ദുവും വിസ്മയ പ്രകടനം കാഴ്ചവച്ചു. കോസ്മിക് രാജന്റെ ശിക്ഷണത്തിലാണ് കീബോർഡ് പഠനം തുടങ്ങിയത്. പോളി കലോത്സവത്തിൽ തുടർച്ചയായി മൂന്നുവർഷവും വൃന്ദവാദ്യത്തിൽ ആദ്യ സമ്മാനങ്ങളും നേടി. പോളി ഫസ്റ്റ് ക്ലാസിൽ പാസായ ശേഷമാണ് എൻജിനീയറിംഗിന് ചേർന്നത്. പഠനത്തിരക്കിനിടെയാണ് ഉദ്ഘാടകനായും വിശിഷ്ഠാതിഥിയുമായും മുന്നൂറോളം വേദികളിൽ പങ്കെടുത്തത്. അദ്ധ്യാപകർ വേണ്ട പ്രോത്സാഹനവും നൽകുന്നുണ്ട്. രണ്ട് സിനിമകളിലും അഭിനയിച്ചു.
കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ നന്ദനത്തിൽ പരേതനായ സത്യശീലന്റെയും പ്രീതയുടെയും മകനായ അനുനന്ദിനെ സബ് ഇൻസ്പെക്ടറായിരുന്ന പിതാവിന്റെ പെട്ടെന്നുള്ള മരണം ഒന്നുലച്ചെങ്കിലും കലാജീവിതത്തിലൂടെ ഉയിർത്തെഴുന്നേൽക്കാൻ കഴിഞ്ഞത് വിജയത്തിന്റെ വഴിയൊരുക്കി. കഴിഞ്ഞ വർഷം ദുബായിൽ നടന്ന ഇന്റിവുഡ് ടാലന്റ് ഹണ്ടിലും ജേതാവായി. ലോക്ക് ഡൗൺ കാലത്തും ഓൺലൈനിൽ സജീവമായ അനുനന്ദു ആവശ്യപ്പെടുന്ന സംഗീതോപകരണവുമായെത്തിയായിരുന്നു പ്രകടനം. നൂറുകണക്കിന് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ലൈവ് അവതരിപ്പിച്ചു.
വയസ്: 23
കലാവേദികൾ: 1,300
ഡാൻസിംഗ്: 6-ാം വയസിൽ
ഉദ്ഘാടകനായി: 300 വേദികളിൽ