കൊട്ടാരക്കര: കുളക്കടയുടെ മുഖശ്രീയായ കളത്തട്ട് പി. ഐഷാപോറ്റി എം.എൽ.എ നാടിന് സമർപ്പിച്ചു. നൂറ്റാണ്ടുകളുടെ ശേഷിപ്പായ കളത്തട്ട് പഴയതിലും ഭംഗിയായി തനത് മാതൃകയിൽ തിരികെകിട്ടിയ സന്തോഷത്തിലാണ് നാട്ടുകാർ. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ എം.സി റോഡിൽ സുരക്ഷാ ഇടനാഴി നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് പഴയ മണ്ഡപവും അതിനോട് ചേർന്നുള്ള കിണറും നീക്കം ചെയ്തത്. മണ്ഡപം പൊളിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നതോടെ പുനർനിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയത്. പഴയ മേൽക്കൂരതന്നെ അറ്റകുറ്റപ്പണി നടത്തി പുതിയതിനായി ഉപയോഗിച്ചു. തൂണുകളും പഴയത് തന്നെയാണ്. പൊളിച്ച് നീക്കിയ കിണറിന് പകരം കുഴൽക്കിണർ മതിയെന്നാണ് തീരുമാനം. പൊതുജനങ്ങൾക്ക് വെള്ളമെടുക്കാനായി ടാപ്പും സ്ഥാപിക്കും. കളത്തട്ടിന്റെ സമർപ്പണ ചടങ്ങിൽ കുളക്കട ഗ്രാമപഞ്ചായത്ത് ഭാരവാഹികളും വായനശാല, സന്നദ്ധ സംഘടനാ പ്രവർത്തകരും പങ്കെടുത്തു.