കൊല്ലം: ഇനിയുള്ള 52 ദിവസക്കാലം കടലിന്റെ അടിത്തട്ടിൽ ശാന്തത. ഇന്നലെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ ആഴക്കടലിൽ വലവിരിച്ചുള്ള മത്സ്യബന്ധനം ജൂലായ് 31 വരെ നിറുത്തി. സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ ശക്തികുളങ്ങര ഹാർബറിലെ ബോട്ടുകൾ ഇന്നലെ വൈകിട്ടോടെ നീണ്ടകര പാലത്തിനപ്പുറം കായലിലേക്ക് മാറ്റി. അർദ്ധരാത്രി 12ഓടെ ഫിഷറീസ് ഉദ്യോഗസ്ഥർ ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ പാലത്തിന് സമാന്തരമായി ചങ്ങലകെട്ടി ബന്ധിച്ചു. മറ്റ് മത്സ്യബന്ധന തുറമുഖങ്ങളിലും ബോട്ടുകൾ തീരത്ത് അടുപ്പിച്ചു.
മത്സ്യങ്ങളുടെ പ്രജനനകാലമായതിനാലാണ് ട്രോളിംഗിന് നിരോധനം ഏർപ്പെടുത്തുന്നത്. കേരളത്തിന്റെ സമുദ്രാതിർത്തിയായ 12 നോട്ടിക്കൽ മൈൽ വരെ ബോട്ടുകൾക്കാണ് നിയന്ത്രണം. ഉപരിതലത്തിലെ മത്സ്യബന്ധനം നടത്തുന്ന ഇൻബോർഡ്, ഔട്ട്ബോർഡ് എൻജിനുകൾ ഘടിപ്പിച്ച വള്ളങ്ങൾക്കും കട്ടമരങ്ങൾക്കും കടലിൽ പോകാം. ആഴത്തിൽ വലവിരിച്ച് മത്സ്യക്കുഞ്ഞുങ്ങളെയും മുട്ടകളെയും നശിപ്പിക്കുന്നതു കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച് ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നുണ്ടോയെന്ന് ഫിഷറീസ് വകുപ്പ് നിരന്തരം നിരീക്ഷിക്കും.
ബോട്ടുകളിൽ കടലിൽ പോയിരുന്ന വലിയൊരു വിഭാഗം മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും വരുന്ന രണ്ടുമാസക്കാലം പട്ടിണിയുടെ നാളുകളാണ്. ഇത്തവണ ലോക്ക് ഡോൺ കാരണം ഒന്നരമാസത്തോളം ബോട്ടുകൾക്ക് കടലിൽ പോകാൻ കഴിഞ്ഞിരുന്നില്ല. മൂന്നാഴ്ച മുൻപാണ് വീണ്ടും കടലിൽ പോകാൻ അനുമതി ലഭിച്ചത്. ഇതിനിടെ ഉണ്ടായ കാലാവസ്ഥ പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
12 നോട്ടിക്കൽ മൈൽ മുതൽ രാജ്യത്തിന്റെ സമുദ്രാതിർത്തി വരെ കേന്ദ്രത്തിന്റെ ട്രോളിംഗ് നിരോധനം സാധാരണ എല്ലാവർഷവും ജൂൺ 1ന് തുടങ്ങുന്നതാണ്. ലോക്ക് ഡൗണായതിനാൽ അത് ജൂൺ 15 ലേക്ക് നീട്ടി. സാധാരണ ട്രോളിംഗ് നിരോധനം ആരംഭിക്കുമ്പോൾ മത്സ്യവില ഇരട്ടിയായി വർദ്ധിക്കുന്നതാണ്. സാമൂഹിക അകലം ഉറപ്പാക്കാൻ ലേലം ഒഴിവാക്കി നിശ്ചിത വിലയ്ക്ക് തൂക്കി വിൽക്കുന്നതിനാൽ ഇത്തവണ മത്സ്യവില അമിതമായി ഉയരാൻ സാദ്ധ്യതയില്ല.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങിയത്: 1988ൽ
ആകെ മത്സ്യബന്ധന യാനങ്ങൾ: 39,000
ബോട്ടുകൾ: 4,500
ബോട്ടുകളിലെ തൊഴിലാളികൾ: 27,000 (ഏകദേശം)
അനുബന്ധ തൊഴിലാളികൾ: 8,51,701
" ട്രോളിംഗ് നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ 20 ഓളം ബോട്ടുകൾ പട്രോളിംഗ് നടത്തും. ഹാർബറുകളോട് ചേർന്നുള്ള ഡീസൽ ബങ്കുകളും അടച്ചു.
-ആർ. സന്ധ്യ, ഫിഷറീസ് വകുപ്പ് ഡയറക്ടർ ഇൻ ചാർജ്