photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി, പി.ഐഷാപോറ്റി എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ ബി.ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള തുടങ്ങിയവർ

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സി.ടി സ്കാൻ യൂണിറ്റ് ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. പി. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭാ ചെയർപേഴ്സൺ ബി. ശ്യാമളഅമ്മ, വൈസ് ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ആർ. രമേശ്, എസ്. ഷംല, സി. മുകേഷ്, വാർഡ് കൗൺസിലർമാരായ കാർത്തിക വി. നാഥ്, കോശി കെ.ജോൺ, സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് താലൂക്ക് ആശുപത്രിയിൽ പ്രവർത്തനം തുടങ്ങുന്ന ആദ്യ സി.ടി സ്കാൻ യൂണിറ്റാണ് കൊട്ടാരക്കരയിലേത്. 1.98 കോടി രൂപ മുടക്കിയാണ് യൂണിറ്റ് സ്ഥാപിച്ചത്. അത്യാധുനിക സംവിധാനമുള്ള 16 സ്ളൈസ് സി.ടി മെഷീനായതിനാൽ കുറഞ്ഞ റേഡിയേഷനിൽ സി.ടി എടുക്കാൻ കഴിയും. ടെലിമെഡിസിൻ സമ്പ്രദായവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. ബി.പി.എൽ വിഭാഗത്തിന് 900 രൂപയും എ.പി.എൽ വിഭാഗത്തിന് 1600 രൂപയും ഫീസ് വാങ്ങി സേവനം ലഭ്യമാക്കാനാണ് എച്ച്.എം.സിയുടെ തീരുമാനം.