pho
ആര്യങ്കാവ് പഞ്ചായത്തിലെ തെന്മലവാലി എസ്റ്റേറ്റ് മേഖലയിലെ 27മലയിൽ കാട്ടാനകൾ നശിപ്പിച്ച കൃഷി

മലയോര കർഷകർ സമരത്തിലേക്ക്

പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ തെന്മല വാലി എസ്റ്റേറ്റ് മേഖലയിലുള്ള ജനവാസ കേന്ദ്രത്തിൽ വന്യമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നെന്ന് പരാതി. പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര കർഷകർ തെന്മല ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് ഉപരോധം അടക്കമുള്ള സമര പരിപാടികൾ ആരംഭിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ രണ്ടര വർഷമായി കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. പുലികൾ വളർത്തു വൃഗങ്ങളെ ആക്രമിക്കുന്നതും പതിവാണ്. പട്ടാപ്പകൽ പോലും കാട്ടാനകൾ ഇറങ്ങുന്നതിൽ ഭയന്ന് അമ്പനാട് ടി.ആർ.ടി തേയിലത്തോട്ടം കമ്പനിയിലെ തോട്ടം തൊഴിലാളികളായ സ്ത്രീകൾ തേയിലനുള്ള് താത്ക്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്.

........തെന്മല ഡി.എഫ് ഓഫീസ് ഉപരോധിക്കും..........

വന്യ മൃഗങ്ങളുടെ ആക്രമണം ഭയന്ന് 27മലയിൽ നിന്ന് നിരവധി കർഷകരാണ് താമസം മാറിപ്പോയത്. 98കുടുംബങ്ങളാണ് ഇവിടെ വർഷങ്ങളായി താമസിച്ചു വരുന്നത്. ഇവരുടെ കാർഷിക വിളകൾക്കും ജീവനും മതിയായ സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ കഴുതുരുട്ടി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർ തെന്മല ഡി.എഫ് ഓഫീസ് ഉപരോധം അടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് ഭാരവാഹികളായ ലക്ഷ്മണൻ, കെ. രാജൻ എന്നിവർ അറിയിച്ചു.

.........കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നു...........

പഞ്ചായത്തിലെ നെടുമ്പാറ, 27മല, ഇരുളൻകാട്, ആനച്ചാടി, തകരപുര തുടങ്ങിയ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനക്കൂട്ടം തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, അടയ്ക്ക തുടങ്ങിയവയുടെ കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. തിങ്കളാഴ്ച അർദ്ധ രാത്രിയിൽ 27മലയിൽ ഇറങ്ങിയ കാട്ടാന ചരുവിള പുത്തൻ വീട്ടിൽ കലമാസനൻ, ഈട്ടിവിള വീട്ടിൽ മൈതിൽ കുട്ടി, ബിനു ഭവനിൽ ഗോപി തുടങ്ങിയ താമസക്കാരുടെ കാർഷിക വിളകളാണ് ഏറ്റവും ഒടുവിലായി നശിപ്പിച്ചത്.