കരുനാഗപ്പള്ളി: വീട്ടിൽ ടി.വിയും സ്മാർട്ട് ഫോണും ഇല്ലാതിരുന്ന വിദ്യാർത്ഥിനിക്ക് കേരളകൗമുദി വാർത്ത തുണയായി. മരുതുർക്കുളങ്ങര വടക്ക് മണ്ണാന്റെ തെക്കതിൽ ശോഭനൻ - സുജാത ദമ്പതികളുടെ മകൾ സോനയ്ക്കാണ് വാർത്തയെ തുടർന്ന് കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഒ.ഐ.സി.സി സഹായഹസ്തവുമായി എത്തിയത്.
പഠനത്തിൽ മിടുക്കിയായ സോനയ്ക്ക് വീട്ടിൽ പഠനസൗകര്യം ഇല്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസിൽ സാധിച്ചിരുന്നില്ല. ഈ വിവരം കേരളകൗമുദി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ട ഒ.ഐ.സി.സി ടി.വി വാങ്ങി നൽകുകയായിരുന്നു. കെ.പി.സി.സി നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ ടി.വി സോനയ്ക്ക് കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, നഗരസഭാ കൗൺസിലർ അശാ അനിൽ, ജയകുമാർ, അനിൽ കാരമൂട്ടിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.