24 മണിക്കൂറും മത്സ്യം ലഭിക്കും
കൊല്ലം: ഏറെ നാളുകൾക്ക് ശേഷം കൊല്ലം തീരത്തിന് ഇന്ന് മുതൽ ഉറക്കമില്ലാത്ത രാപകലുകൾ. നീണ്ടകര തുറമുഖം തുറക്കുന്നതുവരെ കൊല്ലം തീരത്ത് 24 മണിക്കൂറും മത്സ്യം ലഭിക്കും. ഇന്നലെ വരെ കൊല്ലം തീരത്തെ വള്ളക്കാർ വൈകിട്ട് പോയി രാത്രി മടങ്ങിവരുമായിരുന്നു (കറുപ്പിന് പോക്ക്). ഇന്ന് മുതൽ പുലർച്ചെ പോയി പകൽ സമയത്തും മത്സ്യവുമായെത്തും.
ഇത്തവണ കോള് പൂർണമായും നാട്ടുകാരായ മത്സ്യത്തൊഴിലാളികൾക്കാണെന്ന പ്രത്യേകതയും ട്രോളിംഗ് നിരോധനത്തിനുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള വള്ളങ്ങൾക്കും ട്രോളിംഗ് കാലത്ത് വരുന്ന തമിഴർക്കും ഇത്തവണ കൊല്ലം തീരത്ത് നിരോധനമുണ്ട്. നീണ്ടകരയിലും ശക്തികുളങ്ങരയിലും കോസ്റ്റൽ പൊലീസ് ശക്തമായ കൊവിഡ് പ്രതിരോധ പരിശോധന നടത്തിയതിനാൽ അവിടെ വള്ളം അടുപ്പിച്ച ശേഷം നാട്ടിലേക്ക് പോയ തമിഴ്നാട്ടുകാർക്കും എത്താനായിട്ടില്ല. എങ്കിലും നാളുകളായി ഇവിടെ തങ്ങുന്ന തമിഴ്നാട്ടുകാർ വള്ളങ്ങളിൽ പണിക്ക് പോകുന്നുണ്ട്.
ചാളവിലയിൽ ട്രോളിംഗ് എഫക്ട്
കൊല്ലം തീരത്തിന്റെ പ്രധാന ട്രേഡ് മാർക്കായ ചാളയുടെ വിലയിൽ ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായുള്ള വിലവർദ്ധനവ് പ്രതിഫലിച്ച് തുടങ്ങി. നേരത്തെ 200 രൂപയായിരുന്നു കൊല്ലം തീരത്ത് ഒരു കിലോ ചാളയുടെ വില. കഴിഞ്ഞ ദിവസം ചേർന്ന ഹാർബർ മാനേജ്മെന്റ് കമ്മിറ്റി യോഗം വില 220 ആയി ഉയർത്തി. മറ്റ് മത്സ്യങ്ങളുടെ വിലയിൽ വർദ്ധനവ് വരുത്തിയിട്ടില്ല.
കച്ചവടക്കാരുടെ നമ്പരുകൾ
1. ഹാർബറിൽ അമിതവിലയെന്ന് പറഞ്ഞ് കച്ചവടക്കാർ കൂട്ടത്തോടെ മാറിനിൽക്കും
2. വള്ളക്കാർ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ച വിലയേക്കാൾ താഴ്ത്തി വിൽക്കും
3. എന്നാൽ കച്ചവടക്കാർ ഉപഭോക്താക്കളോട് മൂന്നിരട്ടി വില ചോദിക്കും
4. കാരണം പറയുന്നത് ഹാർബറിൽ തീ വിലയെന്ന്
5. മത്സ്യഫെഡ് മീൻ അപ്പാടെ വാങ്ങുന്നെന്ന് പച്ചക്കള്ളവും പറയും
6. പല ചന്തകളിലും ഒരു ചാളയ്ക്ക് വില 10 രൂപ
മീൻ വില
നെയ്മീൻ ചെറുത് (നാല് കിലോ വരെ): 650
നെയ്മീൻ വലുത് (നാല് കിലോയ്ക്ക് മുകളിൽ): 750
ചൂര വലുത് (750 ഗ്രാമിന് മുകളിൽ): 220
ചൂര ഇടത്തരം(500 മുതൽ 750 ഗ്രാം വരെ): 180
ചൂര ചെറുത്(500 മുതൽ 750 ഗ്രാം വരെ): 160
പൊള്ളൻ ചൂര: 150
കേര ചൂര: 210
അയല വലുത് (200 ഗ്രാമിന് മുകളിൽ): 300
അയല ഇടത്തരം (200 ഗ്രാം മുതൽ 100 വരെ): 220
അയല ചെറുത് (1100 ഗ്രാമിന് താഴെ): 120
ചാള: 220
നെത്തോലി:100
കരിച്ചാള:100
''
കച്ചവടക്കാരുടെ കള്ളത്തരങ്ങൾ കാരണം അമിത വിലയ്ക്കാണ് ഉപഭോക്താക്കൾക്ക് മീൻ ലഭിക്കുന്നത്. പരിശോധന കർശനമല്ലാത്തത് ഇത്തരക്കാർക്ക് സഹായകരമാണ്.
ലീല, പള്ളിത്തോട്ടം