kidnapping

കടയ്‌ക്കൽ: വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന എട്ട് വയസുകാരിയെ വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കടയ്ക്കൽ കോട്ടപ്പുറം സ്വദേശികളായ സുനിതയുടെയും സുനിലിന്റെയും മകളെയാണ് ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് നിന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്ന് പൊലീസിന് പരാതി ലഭിച്ചത്. കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

പൊലീസ് പറയുന്നത്: രാവിലെ മുറ്റത്ത് നിന്ന് പല്ല് തേക്കുകയായിരുന്ന കുട്ടിയെ അകത്ത് നിന്ന് അമ്മ തുടരെ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. കുട്ടിയെ കാണാതായതോടെ അമ്മ പരിഭ്രമത്തിലായി. നിലവിളി കേട്ട് അയൽവാസികളും പരിസരത്തെ കുടുംബ വീട്ടിൽ നിന്ന് ബന്ധുക്കളുമെത്തി നടത്തിയ തെരച്ചിലിൽ ഭയന്ന് വിറച്ച നിലയിൽ കുഞ്ഞിനെ വീടിനുള്ളിൽ തന്നെ കണ്ടെത്തി.

കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന വിവരം അറിയുന്നത്. പല്ലു തേച്ച് നിൽക്കുകയായിരുന്ന തന്നെ ആരോ പിന്നിൽ നിന്ന് വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് എടുത്തുകൊണ്ട് പുറത്തേക്ക് പോയി. വീട്ടിൽ നിന്ന് ശബ്ദം കേട്ടപ്പോൾ തട്ടിക്കൊണ്ടുപോയ ആൾ വഴിയിൽ ഉപേക്ഷിച്ചെന്നും അവിടെ നിന്ന് നടന്ന് വീട്ടിലെത്തിയെന്നുമാണ് കുട്ടി പറയുന്നത്. കുട്ടി പറയുന്ന രൂപ സാദ്യശ്യമുള്ള ആളെ പരിസരത്ത് കണ്ടിരുന്നതായി ചിലർ മൊഴി നൽകിയിട്ടുണ്ട്.