cap

 ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഉത്തരവിറങ്ങിയത്

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസ് അന്വേഷണത്തിൽ ഗുരുതരവീഴ്ച വരുത്തിയ അഞ്ചൽ സി.ഐ സി.എൽ. സുധീറിനെ പദവിയിൽ നിന്ന് നീക്കി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് കൊട്ടാരക്കര റൂറൽ എസ്.പി ഹരിശങ്കറിന് ലഭിച്ചത്. സുധീറിന് പകരം നിയമനം നൽകിയിട്ടില്ല. പൊലീസ് ഹെഡ്ക്വാർട്ടേഴ്സിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേശം. കൊട്ടിയം ക്രൈം എസ്.ഐ എൽ. അനിൽകുമാറിനെ സ്ഥാനക്കയറ്റത്തോടെ അഞ്ചൽ സി.ഐ ആയി നിയമിച്ചു. ഉത്ര വധക്കേസിന്റെ പ്രാഥമികാന്വേഷണത്തിൽ വീഴ്ച വരുത്തിയ സുധീറിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് കൊല്ലം റൂറൽ എസ്.പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ പാലിക്കേണ്ട നടപടി ക്രമങ്ങളിൽ സി.ഐ വീഴ്ച വരുത്തിയെന്നായിരുന്നു റിപ്പോർട്ട്. അഞ്ചൽ സി.ഐയിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകനാണ് വീഴ്ചകൾ ആദ്യം ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം നൽകാൻ സി.ഐയോട് ആവശ്യപ്പെട്ടിരുന്നു. രേഖാമൂലം നൽകിയ മറുപടി തൃപ്‌തികരമല്ലായിരുന്നു. സി.ഐയ്ക്കെതിരെ വകുപ്പ് തല നടപടിയെടുത്തില്ലെങ്കിൽ ഉത്ര വധക്കേസിന്റെ വിചാരണയിൽ തിരിച്ചടി ഉണ്ടായേക്കുമെന്ന് അന്വേഷണ സംഘവും നിലപാടെടുത്തു. മേയ് ഏഴിന് ഉത്ര കൊല്ലപ്പെട്ട സമയത്ത് തന്നെ സഹോദരൻ വിഷു സംശയം പ്രകടിപ്പിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയും സി.ഐ വേണ്ട വിധത്തിൽ പരിഗണിച്ചില്ല. പിന്നീട് റൂറൽ എസ്.പിക്ക് നൽകിയ പരാതിയെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ജൂൺ മൂന്നിന് അഞ്ചലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദമ്പതികളുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാൻ മൃതദേഹങ്ങൾ സഹിതം ആംബുലൻസ് വീട്ടിലേക്ക് വിളിച്ചുവരുത്തിയ സംഭവത്തിലും സി.ഐയ്ക്കെതിരെ റൂറൽ എസ്.പി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് റിപ്പോർട്ടുകളുടെയും കൂടി അടിസ്ഥാനത്തിലാണ് സി.ഐയെ പദവിയിൽ നിന്ന് നീക്കി പൊലീസ് മേധാവി ഉത്തരവിറക്കിയത്.