കൊല്ലം: ജില്ലയിലെ തിരഞ്ഞെടുത്ത വസ്‌തുക്കൾക്ക് പുറമെ സർക്കാർ ഓഫീസ് വളപ്പിലും ജീവനക്കാരുടെ വീട്ടിലും കൃഷി വ്യാപനത്തിന് പദ്ധതിയൊരുക്കി എൻ.ജി.ഒ യൂണിയൻ. ജില്ലാ തല ഉദ്ഘാടനം ഓച്ചിറ ഗവ. ഐ.ടി.ഐ വളപ്പിൽ നടന്നു. ജില്ലയിലെ പത്ത് ഏരിയകളിലെയും ഓരോ കേന്ദ്രം കൃഷിയിറക്കാൻ ഒരുക്കി. ഇതിന് പിന്നാലെ സർക്കാർ ഓഫീസ് വളപ്പുകളിലും ജീവനക്കാരുടെ വീടുകളിലും കൃഷി തുടങ്ങും. ഓച്ചിറ ഐ.ടി.ഐ വളപ്പിലെ അരയേക്കർ സ്ഥലത്ത് വാഴ, മാവ്, ഇഞ്ചി, മഞ്ഞൾ എന്നിവയും ഗ്രോബാഗിൽ തക്കാളി, പച്ചമുളക്, പയർ, വഴുതന എന്നിവയും നട്ട് വളർത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി ഉദ്ഘാടനം ചെയ്തു. യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി വി.പി.ജയപ്രകാശ് മേനോൻ, ഐ.ടി.ഐ പ്രിൻസിപ്പൽ പി.എസ്.സാജു, യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം സി.എസ്.ശ്രീകുമാർ, ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, സെക്രട്ടറി സി. ഗാഥ തുടങ്ങിയവർ പങ്കെടുത്തു.