ആനപ്രേമികളില്ലാത്ത നാടില്ല. ഇപ്പോൾ ഒരു ആനപ്രേമി ആനകൾക്കായി ചെയ്തകാര്യമാണ് വലിയ ചർച്ചയാകുന്നത്. ബിഹാറിലെ ഒരു ആനപ്രേമി തന്റെ സ്വത്തുക്കള്‍ മുഴുവന്‍ ആനകളുടെ പേരില്‍ എഴുതിവെച്ചാണ് ആനകളോടുള്ള സ്നേഹം തെളിയിച്ചിരിക്കുന്നത്. ജാനിപുര്‍ സ്വദേശിയായ മുഹമ്മദ് അക്തര്‍ എന്ന ആളാണ് സ്വത്ത് മുഴുവന്‍ തന്റെ രണ്ട് ആനകള്‍ക്കായി എഴുതിവെച്ചത്. മുഹമ്മദ് അക്തറിന്റെ ആനകളായ മോട്ടിക്കും റാണിക്കുമാണ് യജമാനന്റെ സ്വത്ത് സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായത്. ആനകള്‍ക്ക് ഇരുപതും പതിനഞ്ചും വയസ്സുണ്ട്.
തന്റെ പേരിലുള്ള 6.25 ഏക്കര്‍ സ്ഥലമാണ് മുഹമ്മദ് അക്തര്‍ ആനകള്‍ക്കായി നല്‍കിയിരിക്കുന്നത്. താന്‍ മരിച്ചുപോയാലും ആനകള്‍ പട്ടിണി കിടക്കരുതെന്നാണ് ഈ ആനപ്രേമിയുടെ ആഗ്രഹം. തനിക്ക് കുടുംബസ്വത്തായി ലഭിച്ച ആനകളുടെ അനന്തര തലമുറയില്‍പ്പെട്ടതാണ് ഈ ആനകള്‍ എന്ന് മുഹമ്മദ് അക്തര്‍ പറയുന്നു. രണ്ട് ആനകളും തന്റെ കുടുംബാംഗങ്ങളാണെന്നും ഇയാള്‍ പറയുന്നു ചെറുപ്പകാലം മുതല്‍ ഈ ആനകള്‍ക്കൊപ്പമാണ് വളര്‍ന്നത്.
തന്റെ ആനകളില്‍ ഒരാള്‍ ഒരിക്കല്‍ തന്റെ ജീവന്‍ രക്ഷിച്ചിട്ടുള്ളതായും മുഹമ്മദ് അക്തര്‍ പറയുന്നു. തന്റെ നേരെ വെടിയുതിര്‍ക്കാന്‍ ഉന്നംപിടിച്ച ഒരു അക്രമിയില്‍നിന്ന് ഇതിലൊരു ആന തന്റെ ജീവന്‍ രക്ഷിച്ച കഥയും മുഹമ്മദ് അക്തറിന് പറയാനുണ്ട്. ഉറക്കത്തിലായിരുന്ന തന്നെ ചിഹ്നംവിളിച്ച് ഉണര്‍ത്തി കൊലയാളിയില്‍നിന്ന് രക്ഷിച്ചത് മോട്ടി ആനയാണെന്ന് അദ്ദേഹം പറയുന്നു.
തന്നെ കൊലപ്പെടുത്തി ആനകളെ തട്ടിയെടുത്ത് വില്‍ക്കാനുള്ള തന്റെ കുടുംബത്തില്‍പ്പെട്ട ചിലരുടെതന്നെ ശ്രമമാണ് മോട്ടി ആന പൊളിച്ചതെന്നാണ് മുഹമ്മദ് അക്തര്‍ പറയുന്നത്. അതുകൊണ്ടുകൂടിയാണ് തന്റെ പേരിലുള്ള സ്വത്ത് ആനകളുടെ പേരില്‍ എഴുതിവെച്ചതെന്നും അദ്ദേഹം പറയുന്നു. ആനകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷന്‍ കൂടിയാണ് മുഹമ്മദ് അക്തര്‍.