പുത്തൂർ: അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന കുരുന്നുകൾക്ക് ടി.വിയും ഡി.ടി.എച്ച് സംവിധാനവും എത്തിച്ച് സുമനസുകളുടെ സ്നേഹസ്പർശം. കൊട്ടാരക്കര മുസ്ലീംസ്ട്രീറ്റ് കോൺഗ്രസ് കൂട്ടായ്മയുടെ 'കരുതൽ 2020ന്റെ' ഭാഗമായാണ് പരാധീനതകളുടെ നടുവിൽ കഴിയുന്ന മാവടി അംബേദ്കർ ഗ്രാമത്തിലെ മുള്ളിക്കാട്ടിൽ താഴതിൽ അജി-രാജി ദമ്പതികളുടെ മക്കളായ അമൃതനന്ദക്കും അളകനന്ദക്കും ടി.വി സമ്മാനിച്ചത്.
അമൃതനന്ദ മാവടി ഗവ.എൽ.പി.എസിൽ മൂന്നാം ക്ലാസിലും അളകനന്ദ വെണ്ടാർ ഡി.വി.എൽ.പി.എസിൽ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്. അച്ഛൻ അജിക്ക് കൂലിപ്പണിയാണ്. സ്മാർട്ട് ഫോണോ ടി.വിയോ ഇല്ലാത്തതിനാൽ പഠനം മുടങ്ങുന്ന സാഹചര്യം എത്തിയപ്പോഴാണ് സഹായ ഹസ്തവുമായി സംഘടന മുന്നോട്ട് വന്നത്.
ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി കുട്ടികൾക്ക് ടി.വി സമ്മാനിച്ചു. കൂട്ടായ്മ നേതാക്കളായ ബാബു സുൾഫിക്കർ, ഷിഫിലി എ. നാസർ, അതുൽ രാജ്, സ്കൂൾ ഹെഡ്മാസ്റ്റർ ഉണ്ണിക്കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് അനിൽകുമാർ, ശിവദാസൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മഠത്തിനാപ്പുഴ അജയൻ, സജയ് തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.