മനോഹരമായ ചില ഓർമ്മകൾ പറയുന്ന ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനും മഞ്ജുവാര്യരുടെ സഹോദരനുമായ മധുവാര്യര്‍. അച്ഛന്റെ കൈകളില്‍ ഇരിക്കുന്ന രണ്ടു കുട്ടികളെയാണ് ചിത്രത്തില്‍ കാണുന്നത്. മധുവാര്യരും സഹോദരി മഞ്ജുവാര്യരുമാണ് അത്. അച്ഛന്റെ ഓർമ്മ ദിവസത്തിലാണ് ഈ ചിത്രം മധുവാര്യർ പങ്കുവച്ചിരിക്കുന്നത്.
നടനായി മലയാളികളുടെ മനസില്‍ ഇടം നേടിയ മധുവാര്യര്‍ സംവിധാന രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ് ഇപ്പോള്‍. 'ലളിതം സുന്ദരം' എന്ന ചിത്രത്തിലൂടെയാണ് മധുവാര്യര്‍ സംവിധായകനാവുന്നത്. സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയാണ് 'ലളിതം സുന്ദരം'. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ബിജു മേനോനും മഞ്ജുവാര്യരുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. താരങ്ങളുടെ ബാല്യകാല ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.