deepika

ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തിൽ ഇടം നേടിയ ഒരു പേരാണ് പ്രകാശ് പദുക്കോണ്‍. ഇന്ന് പ്രകാശ് പദുക്കോണിന്റെ 65-ാം ജന്മദിനമാണ്. തന്റെ പ്രിയപ്പെട്ട പപ്പയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് മകളും ബോളിവുഡ് നടിയുമായ ദീപിക പദുക്കോണ്‍. "എനിക്ക് ലഭിക്കാവുന്നതില്‍ ഏറ്റവും വലിയ ഓഫ്-സ്ക്രീന്‍ ഹീറോയ്ക്ക്. ഒരാള്‍ യഥാര്‍ഥ ചാമ്പ്യനാകുന്നത് തൊഴില്‍പരമായ നേട്ടങ്ങള്‍ കൊണ്ട് മാത്രമല്ല, ഒരു നല്ല മനുഷ്യനാകുമ്പോൾ കൂടിയാണെന്ന് കാണിച്ച്‌ തന്നതിന് നന്ദി. 65-ാം ജന്മദിനാശംസകള്‍ പപ്പാ. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു," ദീപിക കുറിച്ചു.

ലോകപ്രശസ്ത ബാഡ്മിന്റണ്‍ താരമായിരുന്ന പ്രകാശ് പദുക്കോണ്‍, മുന്‍ ലോകചാമ്പ്യനുമാണ്. കോമണ്‍‌വെല്‍ത്ത് ഗെയിംസ്, തോമസ് കപ്പ്, ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് തുടങ്ങി പല രാജ്യാന്തര മത്സരങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1980-ല്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് നേടി.

മൈസൂര്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന പിതാവ് രമേശ് പദുക്കോണാണ് പ്രകാശിനെ കളിയിലേക്ക് നയിച്ചത്. 1962 ല്‍ കര്‍ണാടക സംസ്ഥാന ജൂനിയര്‍ ചാമ്പ്യൻഷിപ്പ് ആണ് പദുക്കോണിന്റെ ആദ്യ ടൂര്‍ണമെന്റ്. ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ടെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം സംസ്ഥാന ജൂനിയര്‍ കിരീടം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1971 ല്‍ തന്റെ കളിക്കുന്ന രീതി കൂടുതല്‍ ആക്രമണ ശൈലിയിലേക്ക് മാറ്റി, 1972 ല്‍ ഇന്ത്യന്‍ ദേശീയ ജൂനിയര്‍ കിരീടം നേടി. അതേ വര്‍ഷം തന്നെ സീനിയര്‍ കിരീടവും നേടി.

അടുത്ത ഏഴു വര്‍ഷത്തേക്ക് തുടര്‍ച്ചയായി ദേശീയ കിരീടം നേടി. 1978 ല്‍ കാനഡയിലെ എഡ്‌മോണ്ടണില്‍ നടന്ന കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ സിംഗിള്‍സില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. 1979 ല്‍ ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന ഈവനിംഗ് ഓഫ് ചാമ്പ്യൻസ് നേടി.1980 ല്‍ ഡാനിഷ് ഓപ്പണ്‍, സ്വീഡിഷ് ഓപ്പണ്‍ നേടിയ അദ്ദേഹം ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പില്‍ പുരുഷ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി.