ksrtc

 ജനത്തെ വഴിയിൽ തള്ളി കെ.എസ്.ആർ.ടി.സി ബസ് യാത്ര

കൊല്ലം: ഒരു മണിക്കൂറിന്റെ കാത്ത് നിൽപ്പിനൊടുവിൽ കെ.എസ്.ആർ.ടി.സി ബസ് എത്തിയാലും അതിൽ കയറിപ്പറ്റാനാകുമെന്ന് ഉറപ്പില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റാനാകില്ല. ബസിലെ സീറ്റുകളിലെല്ലാം യാത്രക്കാരാണെങ്കിൽ കാത്ത് നിൽക്കുന്നവരെ നിരാശരാക്കി സ്റ്റോപ്പിൽ നിറുത്താതെ ബസ് കടന്നുപോകും.

കെ.എസ്.ആർ.ടി.സി ചെയിൻ സർവീസിനെ ആശ്രയിക്കുന്ന വഴികളിലെ ബസ് സ്റ്റോപ്പുകളിൽ ഇപ്പോൾ പതിവ് കാഴ്ചയാണിത്. 15 മുതൽ 20 മിനിട്ട് വരെയുള്ള ഇടവേളയിൽ എത്തിയിരുന്ന ചെയിൻ സർവീസുകളെ ആശ്രയിക്കുന്ന സാധാരണക്കാരന്റെ യാത്രാ ദുരിതം ദിനം പ്രതി വർദ്ധിക്കുകയാണ്. കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം നൽകിയിരുന്ന റൂട്ടുകളാണ് ചെയിൻ സർവീസുകളുടേത്. ലോക്ക് ഡൗൺ ഇളവുകളിൽ ബസ് സർവീസ് പുനരാരംഭിച്ചപ്പോൾ ബസുകളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

ആദ്യ ഘട്ടത്തിൽ അന്തർ ജില്ലാ സർവീസിന് പരിമിതി ഉണ്ടായിരുന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ അത് മാറി. പക്ഷേ ഇപ്പോഴും ജില്ലയിലെ ഡിപ്പോകളിൽ നിന്ന് അയൽ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന ബസുകൾ കുറവാണ്. കൊല്ലത്ത് നിന്ന് പത്തംതിട്ടയിലേക്കും ചെങ്ങന്നൂരിലേക്കും പോകുന്ന ചെയിൻ സർവീസുകളിൽ പലതും ഭരണിക്കാവിൽ ട്രിപ്പ് അവസാനിപ്പിച്ച് മടങ്ങുകയാണ്.


300 രൂപ ശമ്പളം വാങ്ങാൻ

150 രൂപ വണ്ടിക്കൂലി

കെ.എസ്.ആർ.ടി.സി ബസുകൾ താളം തെറ്റിയതോടെ കിഴക്കൻ മേഖലയിലെ ഉൾപ്പെടെ സാധാരണ തൊഴിലാളികളുടെ സാമ്പത്തിക നിലയാണ് തെറ്റിയത്. ശരാശരി 300 രൂപ ദിവസ ശമ്പളം ലഭിക്കുന്ന ജോലി സ്ഥലങ്ങളിലെത്താൻ ആട്ടോ, ജീപ്പ് കൂലിയായി 150 രൂപയോളം മുടക്കേണ്ട ഗതികേടിലാണിവർ. പട്ടാഴി - അഞ്ചൽ ഉൾപ്പെടെ കിഴക്കൻ മേഖലയിലെ മിക്ക റൂട്ടുകളിലും കെ.എസ്.ആർ.ടി.സി ബസുകൾ തോന്നുംപടി ഓടുകയാണ്.

യാത്ര മുടക്കി ബസുകൾ

1. 90 ശതമാനം സ്വകാര്യ ബസുകളും യാത്ര അവസാനിപ്പിച്ചു

2. കെ.എസ്.ആർ.ടി.സി ബസുകളും വെട്ടിക്കുറച്ചു

3. സർവീസുകൾ നഷ്ടമാണെന്ന നിലപാടിൽ

4. ജില്ലയിലെ യാത്രാ ദുരിതം ഇരട്ടിയായി വർദ്ധിച്ചു

5. സമാന്തര സർവീസുകൾ വാങ്ങുന്നത് അമിത ചാർജ്

6. എല്ലാ ബസുകളും നിരത്തിലിറക്കണമെന്ന് ആവശ്യം

കാത്തുനിൽപ്പ്:

1 മണിക്കൂർ

(ബസ് എത്തുമെന്ന് ഉറപ്പില്ല)

''

യാത്രാക്ലേശം പരിഹരിക്കാൻ കെ.എസ്.ആർ.ടി.സി എല്ലാ ബസുകളും നിരത്തിലിറക്കി ജനങ്ങളെ സഹായിക്കണം. ഗ്രാമപാതകളിൽ പ്രത്യേക ശ്രദ്ധ വേണം.

വി.എസ്. ബിന്ദുരാജ്

പരിസ്ഥിതി പ്രവർത്തകൻ, അറയ്ക്കൽ