covid

 സാമൂഹിക അകലവും കൈ കഴുകലും മറന്നു

കൊല്ലം: കൊവിഡിനെ പ്രതിരോധിക്കാൻ സാമൂഹിക അകലമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഓർമ്മിപ്പിക്കുന്ന ആരോഗ്യവകുപ്പിന്റെ പ്രതിരോധങ്ങളെല്ലാം നിരത്തിലെ ആൾക്കൂട്ടത്തിൽ തകരുന്നു. എവിടെയും രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്നു. ട്രെയിനിൽ സീറ്റുകളിൽ അകലം പാലിക്കാത്തതിനാൽ ബസുകളിലും ഇതാവർത്തിക്കുന്നു.

ബസ് സ്റ്റോപ്പുകൾ, പൊതു ഇടങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, ഓഫീസുകൾ, ചന്തകളിൽ തുടങ്ങി ഒരിടത്തും സാമൂഹിക അകലം ഉറപ്പാക്കാനാകുന്നില്ല. കൊവിഡിന്റെ സാമൂഹിക വ്യാപന സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ‌ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുമ്പോഴാണ് പൊതു ഇടങ്ങളിലെ ജനങ്ങളുടെ ഇത്തരം പെരുമാറ്റം. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സാനിറ്റൈസറുകൾ മിക്കവരും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു.

സാനിറ്റൈസറുകൾ സൗജന്യമായി നിർമ്മിച്ച് നൽകാൻ രാഷ്ട്രീയ - സാമൂഹിക സംഘടനകളും മത്സരിച്ചു. ഇടയ്ക്കിടെ കൈ കഴുകുന്ന ശുചിത്വ ബോധവും ജനം തിരിച്ചറിഞ്ഞു. എന്നാൽ കൊവിഡ് ഭീതിയെല്ലാം ലോക്ക് ഡൗൺ കാലത്ത് ഉപേക്ഷിച്ച പോലെയാണ് ഇപ്പോഴത്തെ കാഴ്ചകൾ. പൊതു ഇടങ്ങളിൽ നിന്നെല്ലാം ഹാൻഡ് വാഷ് കോർ‌ണറുകൾ ഇല്ലാതായി. സാനിറ്റൈസറുകൾ കൈയിൽ കരുതുന്നവരുടെ എണ്ണവും കുറഞ്ഞു. കൊവിഡ് ഒരു കാര്യമേ അല്ലെന്ന മട്ടിലാണ് ആൾക്കൂട്ടത്തിന്റെ ഇടപെടൽ.

ഉറവിടം കണ്ടെത്താനാകുന്നില്ല, സ്ഥിതി ഗുരുതരം

ജില്ലയിലെ കൊവിഡ് ആശുപത്രിയായ പാരിപ്പള്ളി മെഡിക്കൽ കോളജിന് പുറമെ കൊല്ലം ജില്ലാ ആശുപത്രിയെയും കൊവിഡ് ആശുപത്രിയാക്കി മാറ്റുകയാണ്. ആരോഗ്യ വകുപ്പ് നടത്തുന്ന തിരക്കിട്ട പ്രതിരോധ പ്രവർത്തനങ്ങളെയാകെ ഇല്ലാതാക്കുന്നതാണ് നിരത്തിലെ അനിയന്ത്രിതമായ ആൾക്കൂട്ടം. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച പലരുടെയും ഉറവിടം കണ്ടെത്താനാൻ കഴിഞ്ഞിട്ടില്ലെന്നതും ഗൗരവകരമാണ്. കർശനമായ പ്രതിരോധം ഉണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോയേക്കാം.

താടിയിൽ എന്തിനാണ് മാസ്ക്

മൂക്കും വായും മറച്ച് മാസ്ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടനയും പറയുന്നത്. രോഗവ്യാപനം തടയാൻ ഇതല്ലാതെ മറ്റ് മാർഗമില്ല. പക്ഷേ ഇപ്പോഴും മൂക്കും വായും മറയ്‌ക്കാതെ താടിയിൽ മാസ്‌ക് കെട്ടി നടക്കുന്നവരാണ് നിരത്തിൽ അധികവും. ഇവർക്ക് പിന്തുണയെന്നോണം മാസ്ക് ധരിക്കാതെ നടക്കുന്നവരും ധാരാളം.