fish

 വള്ളം നിറയെ കോളുമായി പരമ്പരാഗത തൊഴിലാളികൾ

കൊല്ലം: ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ബോട്ടുകളെല്ലാം കരയ്ക്കടുപ്പിച്ചതോടെ പരമ്പരാഗത മത്സ്യബന്ധന മേഖലയായ കൊല്ലം തീരത്ത് മത്സ്യമേളം. ഇന്നലെ പുലർച്ചെ ഉണർന്ന തുറമുഖം രാത്രി വൈകിയും ഉറങ്ങിയിട്ടില്ല. തീരത്ത് നിലയ്ക്കാതെ വള്ളങ്ങൾ അടുക്കുകയാണ്. മത്സ്യത്തൊഴിലാളികൾ നിറഞ്ഞ മനസോടെയാണ് കുട്ടകളിൽ മീൻനിറച്ച് എത്തുന്നത്.

നെത്തോലിയും മത്തിയും നെയ്മീൻകുഞ്ഞുമൊക്കെയാണ് ഇന്നലെ പ്രധാനമായും എത്തിയത്. മത്സ്യം വാങ്ങാൻ കച്ചവടക്കാരുടെ നീണ്ട നിരയായിരുന്നു. 850 ഓളം വള്ളങ്ങളാണ് കൊല്ലം തീരത്തുള്ളത്. ഇതിൽ 250 ഓളം വള്ളങ്ങളാണ് കഴിഞ്ഞ ദിവസം വരെ കടലിൽ പോയിരുന്നത്. ഇന്നലെ 600 ഓളം വള്ളങ്ങൾ പണിക്കിറങ്ങി. നീണ്ടകര, പുത്തൻതുറ എന്നിവിടങ്ങളിൽ നിന്നുള്ള വള്ളങ്ങളും കൊല്ലം തീരത്തടുത്തു. സാമൂഹിക അകലം ഉറപ്പാക്കാൻ മുൻകൂട്ടി നൽകിയ ടോക്കണിന്റെ അടിസ്ഥാനത്തിലാണ് കച്ചവടക്കാരെ ലാൻഡിംഗ് സെന്റുകളിലേക്ക് കയറ്റിയത്.

ആകെ വള്ളങ്ങൾ: 850

ഇന്നലെ പോയത്: 600

നേരത്തെ പോയിരുന്നത്: 250

ലഭിച്ചത്:

 നെത്തോലി

 മത്തി

 നെയ്മീൻകുഞ്ഞ്

നീണ്ടകരയിൽ കലിതുള്ളി മത്സ്യത്തൊഴിലാളികൾ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ച നീണ്ടകര ഹാർബർ തുറക്കുമെന്ന അഭ്യൂഹം പരന്നതോടെ രാവിലെ 6.30ഓടെ പത്ത് വള്ളങ്ങൾ അടുത്തു. പക്ഷെ ഹാർബറിൽ ഒരു മനുഷ്യനുമില്ല. വള്ളങ്ങൾ കൊല്ലം തീരത്തേക്ക് പോകാൻ നിർദ്ദേശിച്ച പൊലീസുകാരും മത്സ്യത്തൊഴിലാളികളും തമ്മിൽ തർക്കമായി. വിവരമറിഞ്ഞ് കൂടുതൽ മത്സ്യത്തൊഴിലാളികളും സംഘടനാ നേതാക്കളും സ്ഥലത്തെത്തി. ഇതിനിടയിൽ 20 വള്ളങ്ങൾ കൂടിയെത്തി. എല്ലാ വള്ളങ്ങളിലും നിറയെ ചൂട. വൻ കോളൊത്ത സന്തോഷവുമായാണ് മത്സ്യത്തൊഴിലാളികൾ എത്തിയത്. ഫിഷറീസ് വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ 10.30 ഓടെയാണ് ഹാർബറിലേക്ക് കച്ചവടക്കാരെ കയറ്റിവിട്ടത്. അപ്പോഴേക്കും ചൂട നൊന്ത് തുടങ്ങിയിരുന്നു. കച്ചവടക്കാർ വണ്ടിയുമായി തിരിച്ചുപോകാനൊരുങ്ങി. ഇതോടെ കിലോ 100 രൂപയ്ക്ക് വിൽക്കേണ്ടിയിരുന്ന ചൂട 50 രൂപയ്ക്കാണ് ആദ്യം വിൽപന തുടങ്ങിയത്. ഏറ്റവുമൊടുവിലെത്തിയത് 15 രൂപയ്ക്ക് വരെ വിൽക്കേണ്ടി വന്നു.