കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനും പാമ്പു പിടുത്തക്കാരൻ ചാവരുകാവ് സുരേഷിനും എതിരെ പ്രത്യേകം കുറ്റപത്രം തയ്യാറാക്കാൻ വനം വകുപ്പ് തീരുമാനിച്ചു. ഇവരെ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങാൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർ തിങ്കളാഴ്ച അപേക്ഷ നൽകും. കഴിഞ്ഞ ദിവസം കൊട്ടാരക്കര സബ് ജയിലിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥ സംഘം ഇവിടെ റിമാൻഡിൽ കഴിയുന്ന സൂരജിന്റെയും സുരേഷിന്റെയും അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.
വനം- വന്യജീവി ആക്ടിലെ 9, 39 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. വേട്ടയാടൽ, വന്യജീവിയെ കൈവശം വയ്ക്കൽ, കൊലപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, വിവിധ വനം- വന്യജീവി വകുപ്പുകൾ ലംഘിക്കൽ എന്നിവയാണ് കുറ്റം. പരമാവധി ശിക്ഷ ലഭിക്കും വിധമാകും കുറ്റപത്രമൊരുക്കുകയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

സുരേഷ് രണ്ടുതവണ പാമ്പിനെ പിടിച്ച സ്ഥലത്തും സൂരജ് അതിനെ ആദ്യം ഒളിപ്പിച്ച സ്ഥലത്തും തെളിവെടുപ്പ് നടത്തും. സുരേഷ് പാമ്പുകളെ പിടിച്ച സ്ഥലം കണ്ടെത്തി അവിടെ കൂടുതലായി കാണപ്പെടുന്ന ഇനം പാമ്പുകളെപ്പറ്റിയും റിപ്പോർട്ട് തയ്യാറാക്കും. ഉത്രയെ കടിച്ചുകൊന്ന പാമ്പിന്റെ പോസ്റ്റ്മോട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും വനം വകുപ്പ് വാങ്ങി തെളിവായി കോടതിയിൽ ഹാജരാക്കും.