കൊല്ലം: ലോക്ക് ഡൗണിൽ അടഞ്ഞുപോയ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോർണർ ക്ലാസുകളുമായി കുട്ടികളിലേക്ക്. കുട്ടികൾക്ക് അവരുടെ വീടുകളിൽ പോയി ക്ലാസെടുത്ത് നൽകുകയാണ് ഇപ്പോൾ സമാന്തര സ്ഥാപനങ്ങളിലെ അദ്ധ്യാപകർ. ഒരു വീട്ടിലെത്തുമ്പോൾ സമീപത്തെ രണ്ടോ മൂന്നോ വീടുകളിലെ കുട്ടികളെ കൂടി അവിടേക്ക് വിളിക്കും. അങ്ങനെ രൂപപ്പെടുന്ന ചെറിയ ക്ലാസ് മുറിയിലൂടെ ഓൺലൈൻ ക്ലാസിന്റെ സംശയങ്ങൾ പരിഹരിക്കുന്ന വിദ്യാർത്ഥികൾ ഏറെയാണ്.
മാർച്ച് 24ന് ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പേ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീല കേന്ദ്രങ്ങൾ എന്നിവ അടയ്ക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. അന്ന് മുതൽ തൊഴിലും വരുമാനവും നിലച്ച് ദുരിതത്തിലാണ് ജില്ലയിലെ ആയിരക്കണക്കിന് അദ്ധ്യാപകർ. ട്യൂഷൻ സെന്ററുകളും ഓൺലൈൻ പഠനത്തിലേക്ക് തിരിഞ്ഞെങ്കിലും സ്കൂൾ പഠനവും ട്യൂഷൻ പഠനവും ഓൺലൈൻ എന്നത് പല കുട്ടികൾക്കും ഉൾക്കൊള്ളാനായിട്ടില്ല.
ഇതോടെയാണ് ഓൺലൈൻ ക്ലാസുകളിൽ രൂപപ്പെടുന്ന സംശയങ്ങൾ പരിഹരിക്കാൻ വീടുകളിലെത്തി ക്ലാസ് നടത്തുകയെന്ന ആശയത്തിലേക്ക് സമാന്തര സ്ഥാപനങ്ങൾ മാറിയത്. വീടുകളിലെ കോർണർ ക്ലാസുകൾക്ക് താൽപ്പര്യം കൂടിയതോടെ വ്യാപകമാക്കാനാണ് സ്ഥാപനങ്ങളുടെ തീരുമാനം. സാമൂഹിക അകലം ഉറപ്പ് വരുത്തി ക്ലാസുകൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും അദ്ധ്യാപകരും ഉയർത്തുന്നുണ്ട്.