പരിശോധന അഞ്ച് വിഭാഗങ്ങളായി തിരിച്ച്
കൊല്ലം: ജില്ലയിൽ കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്ന് സൂചന നൽകി റാപ്പിഡ് ടെസ്റ്റ് ഫലങ്ങളെല്ലാം നെഗറ്റീവ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ 317 പേരിലാണ് റാപ്പിഡ് ടെസ്റ്റ് നടത്തിയത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങളിലെത്തിയാണ് പരിശോധ നടത്തേണ്ടവരെ തിരഞ്ഞെടുക്കുന്നത്.
അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന. ഓരോ ദിവസവും ഓരേ മേഖലയിൽ നിന്ന് നിശ്ചിത ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കും. കൊവിഡ് ചികിത്സയുള്ളതും ഇല്ലാത്തതുമായ ആശുപത്രികളിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ, ആശാ പ്രവർത്തകർ, അംഗൻവാടി പ്രവർത്തകർ, പൊലീസ്, മാദ്ധ്യമ പ്രവർത്തകർ, ട്രക്ക് ഡ്രൈവർമാരുമായി നേരിട്ട് ഇടപഴകുന്നവർ, അന്യസംസ്ഥാന തൊഴിലാളികൾ, ക്വാറന്റൈനിൽ കഴിയുന്നവർ, ഗൃഹനീരിക്ഷണത്തിലും സ്ഥാപന നിരീക്ഷണത്തിലും കഴിയുന്നവർ, ഇവരുമായി ഇടപഴകുന്നവർ എന്നിവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
ശേഖരിക്കുന്നത് രക്തസാമ്പിൾ
സാധാരണ കൊവിഡ് പരിശോധനയ്ക്ക് തൊണ്ടയിലെ സ്രവമമാണ് എടുക്കുന്നത്. എന്നാൽ കൊവിഡ് റാപ്പിഡ് ടെസ്റ്റിന് രക്തസാമ്പിളാണ് ശേഖരിക്കുന്നത്. റാപ്പിഡ് ടെസ്റ്റിൽ പോസിറ്റീവായാൽ തൊണ്ടയിലെ സ്രവമെടുത്ത് വിശദ പരിശോധന നടത്തിയ ശേഷമേ കൊവിഡ് സ്ഥിരീകരിക്കൂ.
ഇതുവരെ നടത്തിയ റാപ്പിഡ് ടെസ്റ്റ്
തിങ്കൾ: 121
ചൊവ്വ:76
ബുധൻ:117
ഫലം പത്ത് മിനിറ്റിനുള്ളിൽ
റാപ്പിഡ് ടെസ്റ്റിന്റെ ഫലം പത്ത് മിനിറ്റിനുള്ളിൽ അറിയാൻ കഴിയും. കിറ്റിലെ കാർഡിൽ രക്തതുള്ളി ഇറ്റ് വീഴ്ത്തും. അപ്പോൾ രണ്ട് ലൈനുകൾ രൂപപ്പെട്ടാൽ കൊവിഡ് പോസ്റ്റീവാണെന്നാണ് അർത്ഥം.