aana
പന്നിപ്പടക്കം കടിച്ച് അവശനായ കാട്ടാന ചരിഞ്ഞ കേസിൽ വനപാലക സംഘം പിടികൂടിയ പ്രതികൾ

 രണ്ടുപേർ ഒളിവിൽ

പത്തനാപുരം: പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിൽ അഞ്ചംഗ മൃഗവേട്ട സംഘത്തിലെ മൂന്ന് പേരെ വനപാലക സംഘം പിടി കൂടി. പാടം ഇരുട്ടുത്തറ പറങ്കാംവിള വീട്ടിൽ അനിമോൻ (പൊടിമോൻ - 39), കലഞ്ഞൂർ മലയുടെ കിഴക്കേതിൽ വീട്ടിൽ ശരത്ത് (24), പാടം നിരത്തുപാറ വീട്ടിൽ രഞ്ജിത്ത് (26) എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതികളായ രാജേഷ്, രാധാകൃഷ്ണൻ എന്നിവർ ഒളിവിലാണ്.

പ്രതികളിൽ നിന്ന് പന്നിപ്പടക്കം വയ്ക്കാൻ ഉപയോഗിക്കുന്ന കൈതച്ചക്ക, മൃഗങ്ങളുടെ നെയ്യ്, പന്നിയുടെയും മ്ലാവിന്റെയും അവശിഷ്ടങ്ങൾ, വാറ്റ് ചാരായം എന്നിവ പിടിച്ചെടുത്തു. ഏപ്രിൽ 11നാണ് അമ്പനാർ കോട്ടക്കയം വനമേഖലയിലെ ഓലപ്പാറ മാങ്കൂട്ടം ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പത്തുവയസ് പ്രായം വരുന്ന പിടിയാനയെ കറവൂർ കോട്ടക്കയം കാട്ടരുവിക്ക് സമീപം ഏപ്രിൽ 9 ന് അവശനിലയിൽ കണ്ടെത്തിയപ്പോൾ വായ തകർന്നതിനാൽ വെള്ളം പോലും കുടിക്കാനാകാത്ത നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഡോക്ടർമാരെ എത്തിച്ചപ്പോഴേക്കും കാട്ടരുവിക്ക് സമീപത്ത് നിന്ന് ആറ് കിലോമീറ്റർ ഉൾക്കാട്ടിലാണ് ആനയെ കണ്ടെത്തിയത്. ചികിത്സ തുടങ്ങും മുൻപേ ആന ചരിഞ്ഞു. വനംവകുപ്പ് ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഈശ്വരന്റെ നേതൃത്വത്തിലുള്ള സംഘം ഞായറാഴ്ച ആനയെ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കാട്ടിൽ മറവ് ചെയ്തു. പൊലീസും വനംവകുപ്പും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായ പ്രതികളെ പുനലൂർ വനംകോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘം മുൻപും മൃഗവേട്ടക്കേസുകളിൽ ഉൾപ്പെട്ടവരാണോയെന്ന് പരിശോധിക്കുമെന്ന് പുനലൂർ.ഡി.എഫ്.ഒ ഷാനവാസ് പറഞ്ഞു..