kanna
നബാർഡിന്റെ സഹായത്തോടെ കണ്ണനല്ലൂരിൽ നിർമ്മിക്കുന്ന ആധുനിക മാർക്കറ്റ് സമുച്ചയം

 5 കോടി രൂപയുടെ പദ്ധതി

കൊല്ലം: ജില്ലയിലെ വ്യവസായ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കണ്ണനല്ലൂരിന് അലങ്കാരമായി ആധുനിക ശുചിത്വ പൂർണ്ണ മാർക്കറ്റ് സമുച്ചയം ഒരുങ്ങുന്നു. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ നബാർഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് സമുച്ചയ നിർമ്മാണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചത്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി കരാർ ഉറപ്പിച്ചതായി മന്ത്രി അറിയിച്ചു.

കണ്ണനല്ലൂർ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കി വരുന്ന ആധുനികവത്കരണ പ്രവൃത്തികളുടെ തുടക്കമാണ് മാർക്കറ്റ് സമുച്ചയ പദ്ധതി. കണ്ണനല്ലൂർ ജംഗ്ഷന് അഭിമുഖമായി ക്ളോക്ക് ടവർ ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഉൾപ്പെടുത്തി ആകർഷകമായ രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്പന. പൊതുജനങ്ങൾക്ക് യാതൊരുവിധ അസൗകര്യങ്ങളും കൂടാതെ ശുചിത്വപൂർണമായ അന്തരീക്ഷത്തിൽ ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുന്ന തരത്തിൽ രണ്ട് ബ്ളോക്കുകളിലായാണ് നിർമ്മാണം.

 ആധുനികം, ശുചിത്വപൂർണം

2323 ച. മീറ്റർ വിസ്തീർണത്തിൽ രണ്ട് ബ്ളോക്കുകളായാണ് കണ്ണനല്ലൂരിൽ മാർക്കറ്റ് സമുച്ചയം ഉയരുക. രണ്ട് ബ്ളോക്കുകളിലുമായി 40 കടമുറികളാണ് ഒരുക്കുന്നത്. കൂടാതെ പഞ്ചായത്ത്തല കൂട്ടായ്മകൾ, വിവിധയിനം പരിശീലന പരിപാടികൾ എന്നിവ നടത്തുന്നതിനായി സൗകര്യപ്രദമായ ഹാളും സമുച്ചയിൽ നിർമ്മിക്കും.

ഈടും ശുചിത്വവും ഉറപ്പുവരുത്തുന്ന ഇൻഡസ്ട്രിയൽ ടൈലുകൾ പാകിയ തറ, മലിനജലം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം, ജലം-ഖരമാലിന്യ സംസ്‌കരണ യൂണിറ്റുകൾ, ശുദ്ധജല ലഭ്യത, വൃത്തിയായ ടോയ്ലെറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ടായിരിക്കും.

............................................................

 കരാർ ഉറപ്പിച്ചു, നിർമ്മാണം ഉടൻ

മാർക്കറ്റ് നിർമ്മാണം നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ ടെണ്ടർ നടപടികൾ പൂർണമാക്കി കരാർ ഉറപ്പിച്ചു കഴിഞ്ഞു. എത്രയും വേഗം പൂർത്തിയാക്കി പൊതുജനത്തിന് തുറന്ന് കൊടുക്കുന്നതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്.

മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ

 സമുച്ചയത്തിന്റെ ആകെ വിസ്തീർണം: 2323 ച. മീറ്റർ

 ആകെ 40 കടമുറികൾ

 ബ്ളോക്ക് ഒന്ന് : 1145 ച. മീറ്റർ

 താഴത്തെ നിലയിൽ: ലൈബ്രറി, 4 കടമുറികൾ, ആധുനിക മത്സ്യസ്റ്റാളുകൾ, ഫ്രീസർ മുറി

 മുകളിലെ നിലയിൽ: ഹാൾ, ആറ് കടമുറികൾ

 ബ്ളോക്ക് രണ്ട്: 1178 ച.മീറ്റർ

 ഭൂഗർഭ നിലയിൽ: 9 കടമുറികൾ

 ഒന്നാമത്തെ നിലയിൽ: 11 കടമുറികൾ

 രണ്ടാമത്തെ നിലയിൽ: 10 കടമുറികൾ, ഓഫീസ് മുറി