കരുനാഗപ്പള്ളി: കുലശേഖരപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് തുണയാവുകയാണ് ഉപജീവനം ഗാർമെന്റ്സും സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും. വിദ്യാർത്ഥികൾക്ക് ടെലിവിഷൻ നൽകുന്നതിനാവശ്യമായ പണം സ്വരൂപിക്കാൻ വിദ്യാർത്ഥികളും ഉപജീവനം ഗാർമെന്റ്സും നടത്തുന്ന പ്രവർത്തനങ്ങളാണ് ശ്രദ്ധേയമാകുന്നത്. 300000 മാസ്കുകളാണ് ഇവർ നിർമ്മിച്ച് വിതരണം ചെയ്തത്. ഇതിൽ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് പാവപ്പെട്ട കുട്ടികൾക്ക് ടി.വി വാങ്ങി നൽകിയത്. എൻ.എസ്.എസ് യൂണിറ്റിന്റെ എഡ്യൂക്കേഷൻ പദ്ധതിൽ ഉൾപ്പെടുത്തിയാണ് ടി.വി വിതരണം ചെയ്തത്. ടി.വികൾ സ്കൂൾ പ്രിൻസിപ്പൽ ഷീല, ഹെഡ്മിസ്ട്രസ് ശ്രീജ ഗോപിനാഥ് എന്നിവർക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി കൈമാറി. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് രഘു അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എ. അൻസാർ, സ്കൂൾ വികസന സമിതി രക്ഷാധികാരി പി. ഉണ്ണി, എൻ.എസ്.എസ് പി.എ. സി അംഗം പ്രകാശ്, ഉപജീവനം ഗാർമെന്റ്സ് കൺവീനർ സജീവ് സൗപർണിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.