ക്വാറന്റൈനിലുള്ള പ്രവാസികളുടെ ഭക്ഷണം നിറുത്തലാക്കുന്നു
കൊല്ലം: കൊല്ലം നഗരത്തിൽ സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എല്ലാ പ്രവാസികൾക്കും നൽകിവന്ന സൗജന്യഭക്ഷണം കോർപ്പറേഷൻ പരിധിയിലെ സ്ഥിരതാമസക്കാർക്ക് മാത്രമായി ചുരുക്കുന്നു. സൗജന്യഭക്ഷണം പൂർണമായും നിറുത്തലാക്കാനായിരുന്നു ആലോചന. ഭരണസമിതിക്കുള്ളിൽ ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് കോർപ്പറേഷനിലെ സ്ഥിര താമസക്കാർക്ക് കുറച്ച് നാളത്തേക്ക് കൂടി സൗജന്യമായി ഭക്ഷണം നൽകാൻ ധാരണയായത്.
പ്രവാസികൾക്കുള്ള സൗജന്യഭക്ഷണം തയ്യാറാക്കുന്നത് ശക്തികുളങ്ങര സാമൂഹിക അടുക്കളയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സാമൂഹിക അടുക്കള അടയ്ക്കാൻ മുന്നറിയിപ്പില്ലാതെ നിർദ്ദേശമെത്തി. അപ്പോഴേക്കും അന്നത്തെ ഭക്ഷണം തയ്യാറാക്കിയിരുന്നു. വിവരമറിഞ്ഞ് നഗരഭരണത്തിലെ ഒരു വിഭാഗം ശക്തമായ എതിർപ്പുമായി രംഗത്തെത്തി. പിന്നീട് നടന്ന ചർച്ചയിൽ ഒരാഴ്ച കൂടി എല്ലാവർക്കും ഭക്ഷണം നൽകാൻ ധാരണയിലെത്തുകയായിരുന്നു. ഇതിന് ശേഷം നഗരത്തിലെ സ്ഥിരതാമസക്കാർക്ക് മാത്രം നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ ധാരണ. ക്വാറന്റൈനിൽ കഴിയുന്ന ഹോട്ടൽ മുറികൾക്ക് പണം നൽകേണ്ടി വന്നതോടെ വീട്ടിൽ സൗകര്യങ്ങളില്ലാത്ത പാവപ്പെട്ടവരാണ് ഇപ്പോൾ സ്ഥാപന നിരീക്ഷണത്തിൽ കഴിയുന്നത്. നഗരസഭ സൗജന്യഭക്ഷണം നിറുത്തുന്നതോടെ മുറിവാടകയ്ക്കൊപ്പം ഭക്ഷണത്തിനും പണം നൽകി ഇവരുടെ കീശ കാലിയാകും.
കഴിഞ്ഞമാസം 11നാണ് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്ക് നഗരസഭ സൗജന്യമായി ഭക്ഷണം നൽകിത്തുടങ്ങിയത്. എല്ലാദിവസവും മൂന്നുനേരം വിഭവസമൃദ്ധമായ ഭക്ഷണമാണ് നൽകുന്നത്. 313 പേർക്കാണ് ഇന്നലെ സൗജന്യമായി ഭക്ഷണം നൽകിയത്. സാമൂഹിക അടുക്കളയുടെ പ്രവർത്തനത്തിനായി നഗരസഭ 30 ലക്ഷം രൂപ നീക്കിവച്ചിരുന്നു.
സൗജന്യ ഭക്ഷണം
നൽകിത്തുടങ്ങിയത്: മേയ് 11ന്
ഇന്നലെ നൽകിയത്: 313പേർക്ക്
നഗരസഭ നീക്കിവച്ചത്: 30 ലക്ഷം
"
ഒരാഴ്ച കൂടി നഗരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന എല്ലാ പ്രവാസികൾക്കും സൗജന്യമായി ഭക്ഷണം നൽകും. പിന്നീട് കൊല്ലം നഗരത്തിലെ സ്ഥിരതാമസക്കാർക്ക് മാത്രം നൽകാനാണ് നിലവിലെ ധാരണ. ഇത് അന്തിമതീരുമാനമല്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിയുമായും ജില്ലാ ഭരണകൂടവുമായും ആലോചിച്ച ശേഷമേ അന്തിമതീരുമാനമെടുക്കൂ.
പി.ജെ. രാജേന്ദ്രൻ
നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ