കൊല്ലം: ജില്ലയിൽ ഇന്നലെ കടയ്ക്കൽ സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നാലുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുവയസുകാരിയടക്കം നാലുപേർ രോഗം ഭേദമായി ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച നാലുപേരും വിദേശത്ത് നിന്നെത്തിയവരാണ്.
മേയ് 31ന് അബുദാബിയിൽ നിന്നെത്തിയ കടയ്ക്കൽ സ്വദേശിയായ 49കാരൻ, 42 വയസുള്ള ഭാര്യ, മേയ് 29ന് അബുദാബിയിൽ നിന്നെത്തിയ പരവൂർ സ്വദേശി (56), ദുബായ് ഫ്ളൈറ്റിൽ ജൂൺ മൂന്നിനെത്തിയ കടയ്ക്കൽ സ്വദേശി (63) എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നുപേർ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പരവൂർ സ്വദേശി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
ജൂൺ 26ന് രോഗം സ്ഥിരീകരിച്ച കുളത്തൂപ്പുഴയിലെ നാലുവയസുള്ള പെൺകുട്ടി, ജൂൺ 2ന് രോഗം സ്ഥിരീകരിച്ച പട്ടാഴി സ്വദേശിനിയായ ഗർഭിണി (26), മേയ് 18 ന് രോഗം സ്ഥിരീകരിച്ച പത്തനാപുരം സ്വദേശി (44), മേയ് 30ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി (44) എന്നിവരാണ് രോഗമുക്തരായത്. നിലവിൽ 93 കൊല്ലം സ്വദേശികളാണ് രോഗം ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.